ജസ്പ്രീത് ബുംറയെ മറികടന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍

ബുംറ രണ്ടാം സ്ഥാനത്തും മാറ്റ് ഹെന്റി മൂന്നാം സ്ഥാനത്തുമാണ്

ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പിന്നിലാക്കി ഓസ്‌ട്രേലിയന്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2024 ഫെബ്രുവരിയില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ബുംറ, കഴിഞ്ഞ രണ്ട് വര്‍ഷമായി റാങ്കിങ്ങിന്റെ മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ബുംറ കളിക്കാത്തതും, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനവുമാണ് റാങ്കിങ്ങില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കിയത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ 36-കാരനായ സ്റ്റാര്‍ക്ക്, രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. ബുംറയെയും ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയെയും മറികടന്നാണ് സ്റ്റാര്‍ക്കിന്റെ ഈ നേട്ടം. 15 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ഭൂരിഭാഗം സമയത്തും ആദ്യ 10 റാങ്കിങ്ങില്‍ ഇടംനേടിയ സ്റ്റാര്‍ക്ക്, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടോപ്പ് 3-ല്‍ എത്തിയിരുന്നു. എന്നാല്‍ ഒന്നാം റാങ്കില്‍ എത്തുന്നത് ഇതാദ്യമായാണ്.

സ്റ്റാര്‍ക്കിന്റെ കുതിപ്പോടെ ബുംറ രണ്ടാം സ്ഥാനത്തേക്കും മാറ്റ് ഹെന്റി മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 6 വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട് സ്ഥാനങ്ങള്‍ കയറി പത്താം സ്ഥാനത്തുമാണ്.

content highlights: Mitchell Starc Overtakes Jasprit Bumrah to Become World No. 1 Test Bowler

To advertise here,contact us