ഗാലെയില്‍ മാനവ് സുതാര്‍ വിസ്മയം: ഹര്‍ഭജനെയും അശ്വിനെയും മറികടന്ന് യുവതാരം

ഗാലെ ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്ത്യ 165 റണ്‍സിന് കീഴടക്കി, മത്സരത്തില്‍ പത്തുവിക്കറ്റുകളാണ് മാനവ് സുതാര്‍ നേടിയത്

ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ചരിത്രത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവ സ്പിന്‍ ഓള്‍റൗണ്ടര്‍ മാനവ് സുതാര്‍. ഇതിഹാസ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങിനെയും രവിചന്ദ്രന്‍ അശ്വിനെയും മറികടന്ന് ശ്രീലങ്കന്‍ മണ്ണില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ നേട്ടമാണ് സുതാര്‍ സ്വന്തമാക്കിയത്. കൂടാതെ, ശ്രീലങ്കയില്‍ ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് കൊയ്യുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബൗളറായും താരം മാറി.

ശ്രീലങ്കയ്ക്കെതിരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് സുതാര്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മുന്‍നിര താരം ദിനേശ് ചന്ദിമാലിന്റേതുള്‍പ്പെടെ 76 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ താരം നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റുകള്‍ കൊയ്ത സുതാര്‍, വെറും 10 പന്തുകള്‍ക്കിടയില്‍ ശ്രീലങ്കയുടെ വാലറ്റത്തെ കടപുഴക്കി 55 റണ്‍സിന് 6 വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തിലാകെ 131 റണ്‍സ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയതോടെയാണ് സുതാര്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംനേടിയത്. ഹര്‍ഭജന്‍ സിംഗ് (2008-ല്‍ ഗാലെയില്‍ 10/153), രവിചന്ദ്രന്‍ അശ്വിന്‍ (2015-ല്‍ ഗാലെയില്‍ 10/160) എന്നിവരുടെ പ്രകടനങ്ങളെയാണ് സുതാര്‍ മറികടന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ദേവ്ദത്ത് പടിക്കല്‍ (167), കെ.എല്‍. രാഹുല്‍ (82), ധ്രുവ് ജുറെല്‍ (51) എന്നിവരുടെ മിന്നുന്ന പ്രകടന മികവില്‍ ആദ്യ ഇന്നിംഗ്‌സില്‍ 462 റണ്‍സെടുത്തു. പ്രഭാത് ജയസൂര്യ നാലും കേശര നുവാന്ത മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തില്‍ 90/5 എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ നിരോഷന്‍ ഡിക്ക്വെല്ലയും (80) സോണാല്‍ ദിനൂഷയും (100) ചേര്‍ന്ന 146 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാല്‍ മാനവ് സുതാറിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കയെ 284 റണ്‍സിന് പുറത്താക്കി, 178 റണ്‍സിന്റെ നിര്‍ണ്ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച ശ്രീലങ്കന്‍ ബൗളര്‍മാര്‍ ഇന്ത്യയെ 193 റണ്‍സിന് ചുരുട്ടിമടക്കി. ഇന്ത്യയ്ക്കായി ഋഷഭ് പന്ത് (66), ദേവ്ദത്ത് പടിക്കല്‍ (44), കെഎല്‍ രാഹുല്‍ (35) എന്നിവര്‍ പോരാടി. ലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 372 റണ്‍സായി.372 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 47/4 എന്ന നിലയില്‍ തുടക്കത്തിലേ തിരിച്ചടിയേറ്റു. ധനഞ്ജയ ഡി സില്‍വയും (59) സോണാല്‍ ദിനൂഷയും (84) ചേര്‍ന്ന് 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ദിനൂഷ ഏഴാമനായി പുറത്തായതോടെ ലങ്കന്‍ നിര തകര്‍ന്നു. സുതാറിന്റെ മാസ്മരിക ബൗളിങ്ങില്‍ ലങ്കന്‍ ഇന്നിങ്‌സ് 206 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ 165 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയും രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് മുന്നിലെത്തുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

content highlights: Manav Suthar Magic in Galle: Youngster Surpasses Harbhajan and Ashwin

To advertise here,contact us