ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആഗസ്റ്റ് 15 ന് തുടങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഈ പരമ്പര വിജയം ഇന്ത്യയ്ക്ക് നിർണായകമാണ്.
ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരെ ഇലവനിൽ മാറ്റങ്ങൾ നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യൻ പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലിന് പകരം സർഫറാസ് ഖാനെ ഉൾപ്പെടുത്തണമെന്ന് കൈഫ് പറഞ്ഞു.
സ്പിൻ ബോളിംഗിനെ മികച്ച രീതിയിൽ നേരിടാനുള്ള മികവ് പരിഗണിച്ച്, ഗാലെയിലെ സ്പിൻ പിച്ചുകളിൽ സർഫറാസ് ഖാനാണ് ഏറ്റവും അനുയോജ്യനെന്ന് കൈഫ് വ്യക്തമാക്കി.
പരിക്കേറ്റ സായ് സുദർശന് പകരക്കാരനായാണ് സർഫറാസ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. മുൻപ് ടീമിന്റെ ഭാഗമായിരുന്ന കളിക്കാരെ തുടർച്ചയായി പിന്തുണയ്ക്കുന്ന ശൈലിയാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെങ്കിൽ ജുറലിന് അവസരം ലഭിച്ചേക്കാമെന്ന് കൈഫ് ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിൽ സർഫറാസ് മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധ്രുവ് ജുറലിന്റെ സമീപകാലത്തെ നിരാശാജനകമായ ഫോമും കൈഫ് ചൂണ്ടിക്കാട്ടി. ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി വെറും 18 റൺസ് മാത്രമാണ് ജുറലിന് നേടാനായത്. 10 ടെസ്റ്റുകളിൽ നിന്ന് 34.14 ശരാശരിയിൽ 478 റൺസാണ് ജുറലിന്റെ സമ്പാദ്യം.
2024-ൽ ഇന്ത്യൻ കുപ്പായത്തില് അരങ്ങേറിയ സർഫറാസ് ഖാൻ ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളിൽ നിന്ന് 37.10 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ടെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു.
content highlights: mohammad kaif suggests sarfaraz khan over dhruv jurel ind vs sl test series