ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിദേശത്ത് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്; വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു

അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര പരാജയങ്ങള്‍ക്ക് ശേഷം വിദേശങ്ങളിലെ വെല്ലുവിളി നിറഞ്ഞ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്‍നിര ബാറ്റിങ് നിര പരാജയപ്പെട്ടതോടെ അയര്‍ലന്‍ഡിനോട് 2-0 ന് ഇന്ത്യ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 4-0 ന് ഇന്ത്യയെ കീഴടക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ അനുഭവസമ്പത്തുള്ള ബാറ്റിങ് നിര വ്യാപകമായ വിമര്‍ശനമാണ് നേരിട്ടത്.

എന്നാല്‍, മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. ഐപിഎല്ലില്‍ അതിര്‍ത്തി കടന്നിരുന്ന അതേ ഷോട്ടുകള്‍ വിദേശ സാഹചര്യങ്ങളില്‍ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡര്‍മാര്‍ പിടിയിലൊതുങ്ങുന്നതാണ് ഇതിന് കാരണമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. 'ഐപിഎല്ലിലെ ഫ്‌ളാറ്റ് പിച്ചുകളിലും ചെറിയ ബൗണ്ടറികളിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടുകയും പിന്നീട് ഇംഗ്ലണ്ടിലെ അപരിചിതമായ സാഹചര്യങ്ങളില്‍ പരാജയപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഫ്‌ളാറ്റ് പിച്ചുകള്‍ ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ അല്‍പം പിഴച്ചുപോകുന്ന ഷോട്ടുകള്‍ പോലും ബൗണ്ടറി കടക്കാന്‍ സഹായിക്കുന്നത് അവിടെയുള്ള വളരെ ചെറിയ ബൗണ്ടറികളാണ്. എന്നാല്‍ വലിയ ബൗണ്ടറികളുള്ള രാജ്യങ്ങളില്‍ ഇതേ ഷോട്ടുകള്‍ ബൗണ്ടറി ലൈനിനുള്ളില്‍ വെച്ച് പിടിക്കപ്പെടുന്നു,' -ഗവാസ്‌കര്‍ പറഞ്ഞു. വരുന്ന പുതിയ ഹോം സീസണ്‍ ആരംഭിക്കുമ്പോള്‍ ബിസിസിഐ ബൗണ്ടറിയുടെ വലിപ്പം കൂട്ടണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

'പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ നമ്മുടെ ബാറ്റര്‍മാര്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിന് മുമ്പ് ഇതിനോട് ശീലപ്പെടുന്നതിനായി ബൗണ്ടറിയുടെ വലിപ്പം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ ഗ്രൗണ്ടുകളിലും എല്‍ഇഡി പരസ്യ ബോര്‍ഡുകള്‍ക്ക് പിന്നില്‍ ആളുകള്‍ക്ക് നടക്കാന്‍ ധാരാളം സ്ഥലമുണ്ട്. ഈ സ്ഥലം ഉപയോഗിക്കുകയാണെങ്കില്‍ ബൗണ്ടറിയുടെ വലിപ്പം താനേ വര്‍ധിക്കും,' -ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. വലിയ ബൗണ്ടറികള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സഹായകരമാകുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

content highlights: Why Indian Batters Struggle Overseas: Sunil Gavaskar Explains

To advertise here,contact us