'രാജസ്ഥാൻ വിട്ടത് വൻ റിസ്ക്, ഫോം തിരിച്ചുപിടിച്ചത് ധോണിയിലൂടെ'; മനസ്സുതുറന്ന് സഞ്ജു

രാജസ്ഥാന്‍ റോയല്‍സ് വിട്ട തീരുമാനം വലിയൊരു റിസ്‌ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ.

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിട്ട തീരുമാനം വലിയൊരു റിസ്‌ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ.

ഒരു ഫ്രാഞ്ചൈസിയോട് നിങ്ങളുടെ തീരുമാനം അറിയിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചൊരു വരവില്ല. ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ടീമിലേക്ക് പോകേണ്ടി വരാം, അല്ലെങ്കില്‍ ലേലത്തില്‍ ഒരു ഉറപ്പുമില്ലാതെ നില്‍ക്കേണ്ടി വരാമെന്നും സഞ്ജു പറഞ്ഞു. ജിയോസ്റ്റാറിന്റെ 'സൂപ്പര്‍സ്റ്റാര്‍സ്' എന്ന പരിപാടിയിലാണ് സഞ്ജു തന്റെ ഐപിഎല്‍ ടീം മാറ്റത്തെക്കുറിച്ചുള്ള ദീര്‍ഘനാളത്തെ മൗനം അവസാനിപ്പിച്ചത്.

2025 സീസണ്‍ രാജസ്ഥാനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. കുടുംബത്തോടും ഭാര്യയോടും രണ്ടാഴ്ചയോളം സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

അതോടൊപ്പം സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ സ്ലോ പിച്ചില്‍ പൂജ്യത്തില്‍ നിന്ന് പുതിയൊരു തുടക്കം കുറിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാനും താന്‍ തയ്യാറായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായി 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ സിഎസ്‌കെ ട്രേഡ് ചെയ്തത്. എന്നാല്‍ എന്നാല്‍ വെല്ലുവിളി നിറഞ്ഞ ആ ഘട്ടത്തില്‍ ടീം മാനേജ്മെന്റും വെറ്ററന്‍ താരം എംഎസ് ധോനിയും നല്‍കിയ പിന്തുണയാണ് തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് സഞ്ജു ഓര്‍ത്തെടുത്തു.

'ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പ്രാക്ടീസിനിടെ മഹി ഭായ് എന്നെ കണ്ടു. ഞാന്‍ ഓക്കെയാണോ എന്ന് അദ്ദേഹം ചോദിച്ചു. 'ഓക്കെയാണ്, പക്ഷേ…' എന്ന് പറഞ്ഞ് ഞാന്‍ മടിക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു: 'പക്ഷേ എന്നൊന്നുമില്ല, നീ നിന്റെ ശൈലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും.' കളി തോറ്റെന്നുവച്ച് ബാറ്റിങ് ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് വലിയൊരു പാഠമായിരുന്നു -സഞ്ജു പറഞ്ഞു.

Content highlights:sanju samson talks leaving rajasthan royals ms dhoni role

To advertise here,contact us