'അതിനേക്കാള്‍ മികച്ച മറ്റൊരാളില്ല'; ഫ്‌ളെമിങ്ങിന്റെ പിന്‍ഗാമിയായി ധോണിയെ പിന്തുണച്ച് അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ് കഴിഞ്ഞദിവസം ടീം വിട്ടിരുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖ്യ പരിശീലകനായുള്ള സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ നീണ്ട കാലയളവിനപ്പുറം പുതിയൊരു തുടക്കത്തെക്കുറിച്ച് സി.എസ്.കെ ചിന്തിക്കേണ്ട സമയമായയെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നറുമായ രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സി.എസ്.കെയും ഫ്‌ളെമിങ്ങും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരവും ദീര്‍ഘമേറിയതുമായ ഒരു കൂട്ടുകെട്ടിനാണ് വിരാമമായി.

സി.എസ്.കെയെക്കുറിച്ചും ടീമിന്റെ സംസ്‌കാരത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ള എം.എസ്. ധോണി പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍, ഫ്‌ളെമിങ്ങിന്റെ പിന്‍ഗാമിയാകാന്‍ ധോണിയേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല എന്ന് അശ്വിന്‍ പറഞ്ഞു. ഫ്‌ളെമിങ്ങുമായി വര്‍ഷങ്ങളായി മികച്ചൊരു പങ്കാളിത്തം കെട്ടിപ്പടുത്ത ധോണിക്ക് ടീമിന്റെ അടിത്തറ നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, സി.എസ്.കെ ഡ്രസിങ് റൂമിലേക്ക് കടന്നുവരുന്ന ഏതൊരു പുതിയ പരിശീലകനും തുടക്കത്തില്‍ ചില ആശങ്കകള്‍ നേരിടേണ്ടി വരുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.'ധോണിക്ക് എന്താണ് വേണ്ടതെന്ന് ഫ്‌ളെമിങ്ങിനും, ഫ്‌ളെമിങ് മികച്ചൊരു സഹായിയാണെന്ന് ധോണിക്കും കൃത്യമായി അറിയാമായിരുന്നു. ആ കൂട്ടുകെട്ടാണ് ഇത്രയും കാലം മുന്നോട്ടുപോയത്. എന്നാല്‍ സി.എസ്.കെ ഇനി ഇതിനപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയമായെന്നാണ് ഞാന്‍ കരുതുന്നത്,' അശ്വിന്‍ പറഞ്ഞു. 'ധോണി പരിശീലകനാകാന്‍ തയ്യാറാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതിനേക്കാള്‍ മികച്ചൊരു വ്യക്തിയെ കണ്ടെത്താനില്ല. അതിന് തയ്യാറല്ലെങ്കില്‍, സ്വന്തം നിലയില്‍ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയുന്ന ഒരാളെ അവര്‍ കണ്ടെത്തേണ്ടതുണ്ട്. ധോണി ഇപ്പോഴും ടീമിന്റെ നിര്‍ണായക ഭാഗമായതിനാല്‍ പുതിയതായി വരുന്ന ഏതൊരു പരിശീലകനും ചില ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്,' -അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

2008-ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ ഒരു കളിക്കാരനായാണ് സ്റ്റീഫന്‍ ഫ്‌ളെമിങ് സി.എസ്.കെയിലെത്തിയത്. തുടര്‍ന്ന് 2009-ല്‍ അദ്ദേഹം ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ 17 വര്‍ഷമായി ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമായി സി.എസ്.കെയെ വളര്‍ത്തിയെടുക്കുന്നതില്‍ ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചു. ഫ്‌ളെമിങ്ങിന്റെ കീഴില്‍ സി.എസ്.കെ 5 ഐ.പി.എല്‍ കിരീടങ്ങളും 2 ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടങ്ങളും നേടിയിട്ടുണ്ട്. കൂടാതെ റെക്കോഡ് നേട്ടമായി 12 തവണ പ്ലേ ഓഫിലും 10 തവണ ഐ.പി.എല്‍ ഫൈനലിലും ടീം പ്രവേശിച്ചു.

content highlights: 'There is no one better than him'; Ashwin backs Dhoni as Fleming's successor

To advertise here,contact us