ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ സൂര്യകുമാര്‍ യാദവിന് ഇനിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയെ 2026-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാറിനെ, മോശം ഫോമിനെ തുടര്‍ന്ന് ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയും അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് പുതിയ ടി20 ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത്.
എന്നാല്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പര 2-0 ന് ഇന്ത്യ കൈവിട്ടു. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0 നും ഇന്ത്യ പരാജയപ്പെട്ടു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിലെ ബിസിസിഐയുടെ പരിഗണനയില്‍ സൂര്യകുമാര്‍ ഇല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റണ്‍സ് സ്കോര്‍ ചെയ്താല്‍ അദ്ദേഹത്തെ വീണ്ടും ടീമിലേക്ക് പരിഗണിക്കുന്ന കാര്യം ബിസിസിഐ തള്ളിക്കളയുന്നില്ല.
'സൂര്യകുമാര്‍ യാദവിനായി ടീമിന്റെ വാതിലുകള്‍ ഇനിയും തുറന്നുകിടക്കുകയാണ്. നിലവില്‍ അദ്ദേഹം സെലക്ഷന് പദ്ധതികളില്‍ ഇല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചെത്താന്‍ യോഗ്യതയുണ്ട്,' -ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
സതാംപ്ടണില്‍ നടന്ന അഞ്ചാം ടി20 മത്സരത്തില്‍ 56 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതിനുമുമ്പ് നടന്ന നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിനും, മൂന്നാം മത്സരത്തില്‍ 125 റണ്‍സിനും, രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനും ഇന്ത്യ തോറ്റിരുന്നു. അയര്‍ലന്‍ഡിനെതിരെ ചരിത്രത്തിലാദ്യമായി ദ്വിരാഷ്ട്ര ടി20 പരമ്പര തോറ്റതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കനത്ത പരാജയം. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ടി20 പരമ്പരയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ ദ്വിരാഷ്ട്ര പരമ്പര വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. പരിചയസമ്പന്നരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഏകദിന ടീമിലേക്ക് തിരിച്ചെത്തും. നിലവില്‍ ഇന്ത്യ പരിശീലനം തുടങ്ങിയിട്ടുണ്ട്.
content highlights: Doors are still open for Suryakumar Yadav in the Indian team: BCCI