വനിതാ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ച് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മോശം ഫോമിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട താരം, പാകിസ്താനെതിരെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് (5/10) പുറത്തെടുത്തത്.
'ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു, ഹനുമാന്‍ജി വലിയവനാണ്. എനിക്ക് ഐസിസി ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെനിന്നു തന്നെയാണ് ഈ ലോകകപ്പും ഞാന്‍ തുടങ്ങിയിരിക്കുന്നത്.'' ദീപ്തി പറഞ്ഞു.
ഈ ലോകകപ്പിന് മുന്‍പ് കളിച്ച 12 മത്സരങ്ങളില്‍ നിന്ന് വെറും 14 വിക്കറ്റുകള്‍ മാത്രമായി ദീപ്തിയുടെ ഫോം കടുത്ത ചോദ്യശരങ്ങള്‍ നേരിടുകയായിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളില്‍ റണ്‍സ് കണ്ടെത്താനോ വിക്കറ്റ് വീഴ്ത്താനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഈ കളിയിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ (166 വിക്കറ്റുകള്‍) എന്ന ലോകറെക്കോര്‍ഡും ദീപ്തി സ്വന്തമാക്കി.
content highlights: deepti-sharma-5-wicket-haul-against-pakistan-womens-world-cup-2026