'തലമുറമാറ്റം ഒരു ഒഴിവുകഴിവാക്കരുത്'; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെതിരെ ഗവാസ്‌കര്‍

തോല്‍വികള്‍ക്ക് പരിവര്‍ത്തന ഘട്ടത്തെ ഒരു കവചമായി ഉപയോഗിക്കുന്നത് നിര്‍ത്തി, ബാറ്റിംഗിലെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിവർത്തന സിദ്ധാന്തങ്ങളെ വാദങ്ങളെ തള്ളി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തോല്‍വികള്‍ക്ക് പരിവര്‍ത്തന ഘട്ടത്തെ ഒരു കവചമായി ഉപയോഗിക്കുന്നത് നിര്‍ത്തി, ബാറ്റിംഗിലെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് വിജയിച്ചതിന് പിന്നാലെ ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും ടീമിന്റെ പരിവര്‍ത്തന ഘട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അതിനെ നേരിട്ട് ചോദ്യം ചെയ്ത് ഗവാസ്‌കര്‍ രംഗത്തെത്തിയത്.

'ടീം പരിവര്‍ത്തന ഘട്ടത്തിലാണെന്ന് നിരന്തരം പറയുന്ന രീതി അവസാനിപ്പിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ പുലര്‍ത്തേണ്ട നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. എല്ലാ ടീമുകളിലും താരങ്ങള്‍ വിരമിക്കുന്നതും മാറ്റങ്ങള്‍ വരുന്നതും സ്വാഭാവികമാണ്. സമീപകാലത്തെ ഫലങ്ങള്‍ നോക്കിയാല്‍ ബൗളിംഗിനേക്കാള്‍ ആശങ്കയുണ്ടാക്കുന്നത് ബാറ്റിംഗിലെ പ്രകടനമാണ്.' ഗവാസ്‌കര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി ഇന്ത്യ നിലവില്‍ ആറാം സ്ഥാനത്താണ്. 2024-ല്‍ ന്യൂസിലന്‍ഡിനോടും കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയോടും സ്വന്തം മണ്ണില്‍ വഴങ്ങിയ 0-2 എന്ന വൈറ്റ് വാഷ് തോല്‍വികള്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ബാറ്റിംഗ് നിരയിലെ അച്ചടക്കമില്ലായ്മയെയും സാങ്കേതിക തികവില്ലായ്മയെയും അദ്ദേഹം വിമര്‍ശിച്ചു.

ടി20 ശൈലിയിലേക്ക് ബാറ്റിംഗ് വഴുതിപ്പോകുന്നത് ക്ഷമ നശിക്കാനും മോശം തീരുമാനങ്ങള്‍ എടുക്കാനും കാരണമാകുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത് മറ്റൊരു സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlights: sunil gavaskar criticizes indian test team transition phase excuse

To advertise here,contact us