ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്നത് മികച്ച ഫോമിൽ ആണെങ്കിലും സെഞ്ചുറി നേട്ടത്തിന് തൊട്ടുമുന്നിൽ അനാവശ്യ ഷോട്ടുകൾ പായിച്ച് വെറുതെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന റിഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലിയെ രൂക്ഷഭാഷയിൽ വിമർശിച്ച് ഇന്ത്യൻ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 80 റൺസിൽ പന്ത് പുറത്തായതിന് പിന്നാലെയായിരുന്നു മുൻ സഹതാരം കൂടിയായ അശ്വിന്റെ വിമര്ശനം.
'നീ ഇത് എത്ര തവണയാണ് 80 റൺസിലും 90 റൺസിലും ഒക്കെ ഇങ്ങനെ പുറത്തായിട്ടുള്ളത്? ഇത്രയും മികച്ചൊരു ടെസ്റ്റ് ബാറ്ററെ കണ്ടെത്തുക എന്നത് അസാധ്യമാണ്. പക്ഷേ 80 റൺസിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു ഷോട്ട് കളിക്കുന്നത് എന്തിനാണ്? 80 റൺസ് വരെ എത്തിയാൽ പിന്നെ ബാക്കി 20 റൺസ് കൂടി എടുക്കാൻ നിനക്ക് ശ്രദ്ധയോടെ കളിച്ചുകൂടേ?' തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ അശ്വിൻ ചോദ്യം ഉയർത്തി. എല്ലാ ബാറ്റർമാർക്കും പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും പന്ത് ഇത് ആവർത്തിക്കുന്നത് നിരാശാജനകമാണെന്നും പന്ത് ഇപ്പോൾ തന്നെ 50ലധികം ടെസ്റ്റുകൾ കളിച്ചുകഴിഞ്ഞെന്നും അതുകൊണ്ടുതന്നെ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനായി ഉത്തരവാദിത്തത്തോടെ കളിക്കാൻ അവൻ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂക്ഷമായി വിമർശനങ്ങൾ ഉയർത്തുമ്പോഴും റിഷഭ് പന്തിന്റെ അസാധാരണ പ്രതിഭയെ അശ്വിൻ പ്രശംസിക്കാതിരുന്നില്ല. 'ഋഷഭ് യഥാർത്ഥത്തിൽ നിലവിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ്. അവൻ ഡിഫൻഡ് ചെയ്ത് കളിക്കുമ്പോൾ സാക്ഷാൽ സുനിൽ ഗാവസ്കർ പോലും അതിശയിച്ചുപോകാറുണ്ട്', അശ്വിൻ പറഞ്ഞു.
Content highlight: R Ashwin criticizes Rishabh Pant for missing century India vs Afghanistan test