ഇനി ക്രിക്കറ്റ് ആവേശം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ തീയതി പ്രഖ്യാപിച്ചു

ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തെ കുറിച്ചും യോഗത്തിൽ തീരുമാനം ഉണ്ടായി. ജൂലൈ ആദ്യവാരമാണ് താരലേലം നടക്കുന്നത്

കേരള ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന്റെ തീയതി പ്രഖ്യാപിച്ചു. വരുന്ന ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്താണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്‍റെ തീയതിയിൽ തീരുമാനം ഉണ്ടായത്. കൂടാതെ ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തെ കുറിച്ചും യോഗത്തിൽ തീരുമാനം ഉണ്ടായി. ജൂലൈ ആദ്യവാരമാണ് താരലേലം നടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെ, കൂടുതൽ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികൾ ഇത്തവണയും മുൻ സീസണുകളിലെപ്പോലെ കിരീടത്തിനായി കളം നിറയും. രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ലീഗായി കെസിഎൽ ഇതിനകം മാറിക്കഴിഞ്ഞു.

4 കോടി ക്രിക്കറ്റ് പ്രേമികളാണ് സ്റ്റാർ സ്പോർട്സിലൂടെ മാത്രം രണ്ടാം സീസണിൽ കളികൾ കണ്ടത്. കൂടാതെ ഫാൻകോഡിലൂടെ 70 ലക്ഷം ആളുകളും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തിനാല്പതിനായിരം ആളുകളുമാണ് മത്സരം തത്സമയം വീക്ഷിച്ചിരുന്നത്.

Content highlight: Kerala Cricket League season 3 dates announced KCA updates

To advertise here,contact us