ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭ കൊണ്ട് അടയാളപ്പെടുത്തിയ താരമാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഉള്‍പ്പടെ മികച്ച ഫോമിലായിരുന്നു താരം. ഫൈനലില്‍ വിരാട് കോഹ്ലിയുടെ പ്രകടനബലത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം ഉയര്‍ത്തിയത്. ഇന്ത്യക്കുവേണ്ടി പക്ഷെ, ഇപ്പോള്‍ ഏകദിന മത്സരങ്ങള്‍ മാത്രമാണ് വിരാട് കോഹ്ലി കളിക്കുന്നത്. ടെസ്റ്റ്, ടി20 ക്രിക്കറ്റ് ഫോര്മാറ്റുകളില്നിന്നെല്ലാം താരം വിരമിച്ചുകഴിഞ്ഞു. എന്നാല്‍ താരം വിരമിച്ച ശേഷം പൂര്‍ണമായും യുകെയിലാണ് താമസം. ഇതേക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ച നടക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്റെ തുറന്നുപറച്ചിലാണ് ചര്‍ച്ചയ്ക്കിടയാക്കിയത്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ലിയാം ലിവിങ്സ്റ്റന് പറഞ്ഞു. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് വിരാട് കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ലിവിങ്സ്റ്റന് പറഞ്ഞത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പം യുകെയിലാണ് കോഹ്ലി താമസിക്കുന്നത്. ഏകദിന, ഐപിഎല്‍ മത്സരങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെത്തുന്ന കോഹ്ലി, സാധാരണയായി മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ യുകെയിലേക്കു മടങ്ങിപ്പോകുന്നതാണു പതിവ്.
ഇന്ത്യയിലെ പ്രശസ്തിക്കും ആരാധക ബഹളങ്ങള്‍ക്കും നടുവില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ താല്പര്യമില്ലാത്തതിനാലാണ് കോഹ്ലി ഇന്ത്യ വിട്ടതെന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് ലിയാം ലിവിങ്സ്റ്റനോടു ചോദിച്ചത്. ആര്‍സിബിയുടെ മുന്‍ താരം കൂടിയാണ് ലിവിങ്സ്റ്റന്. കോഹ്ലി വലിയ പിന്തുണ നല്കുന്ന താരമാണെന്നും ലിവിങ്സറ്റന് പറഞ്ഞു.
'ഗ്രൗണ്ടിലിറങ്ങിയാല്‍ മത്സരങ്ങള്‍ വിജയിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ഗ്രൗണ്ട് വിട്ടാല്‍ കോഹ്ലി മറ്റൊരാളാണ്. വളരെ ശാന്തസ്വഭാവക്കാരനായ സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ അദ്ദേഹം താല്പര്യപ്പെടുന്നു.' -ലിവിങ്സ്റ്റന് പറഞ്ഞു. ഇന്ത്യയിലെ ജീവിതം അദ്ദേഹത്തിന് താല്പര്യമില്ലെന്നും എല്ലായ്പ്പോഴും ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കോഹ്ലിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും ലിവിങ്സ്റ്റന് വ്യക്തമാക്കി.
content highlights: Virat Kohli does not want to live in India, his residence is in the UK, says Liam Livingstone