ഗംഭീറിന് താല്‍പര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റു രണ്ടുപേരെ

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും തിലക് വര്‍മയുമാണ് പരിഗണനയില്‍, സൂര്യകുമാര്‍ യാദവിനെ നീക്കും

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് ആരെത്തും? വരാനിരിക്കുന്ന നാളില്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച ഇതുമാത്രമായിരിക്കും. നായകസ്ഥാനത്തുനിന്നു സൂര്യകുമാര്‍ യാദവിനെ നീക്കുമെന്ന് ഉറപ്പായതോടെയാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന ചര്‍ച്ചയിലേക്ക് ബിസിസിഐ കടന്നത്. ഇതോടെ ആരുവരുമെന്നാണ് ഉയരുന്ന ചോദ്യങ്ങളിലേറെയും. സഞ്ജു സാംസണിനെയാണ് കോച്ച് ഗൗതം ഗംഭീറിന് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ, സഞ്ജുവിനെ പരിഗണിക്കുന്നതില്‍ ബിസിസിഐക്ക് അത്രതാല്‍പര്യമില്ല. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്ന തടസ്സവാദം. എന്നാല്‍ സഞ്ജുവിനെയല്ലാതെ ആരെ ക്യാപ്റ്റനാക്കുമെന്നതില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകവുമാണ്.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് തന്നെ ടി20 ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ബിസിസിഐ നിലപാട് ഉന്നതാധികാര സമിതിയെ അറിയിക്കും. സൂര്യയെ മാറ്റുന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ സമിതിയെ അറിയിക്കുമെന്നാണ് വിവരം. നായകസ്ഥാനത്തുനിന്ന് മാറ്റിയാല്‍, കഴിഞ്ഞ 18 മാസത്തോളമായി ഫോമിലല്ലാത്ത സൂര്യകുമാര്‍ യാദവ് കളിക്കാരനായി മാത്രം ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, മധ്യനിര ബാറ്റര്‍ തിലക് വര്‍മ എന്നിവരിലൊരാളെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കു പരിഗണിക്കുകയെന്നാണ് വിവരം. ഇതിന് ബിസിസിഐയിലെ ഉള്‍പ്പടെ ഒട്ടേറെപ്പേരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎലില്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ടാണ് വിനയായത്. റണ്‍സ് കണ്ടെത്താന്‍ അദ്ദേഹം ബുദ്ധിമുട്ടിയത് ബിസിസിഐ വൃത്തങ്ങള്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ് ഏതാനും മാസങ്ങളായി സൂര്യ ഫോം ഔട്ടാണെന്നും ഈയൊരവസ്ഥയില്‍ നിര്‍ണായകമായ തീരുമാനത്തിലേക്ക് കടക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് ബിസിസിഐ അംഗം ഒരു മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. പ്രായം കണക്കിലെടുക്കുമ്പോള്‍ ഏറ്റവും അനുയോജ്യന്‍ തിലക് വര്‍മയാണ്. ട്വന്റി20 ടീമിലെ സ്ഥിരാംഗമാണെന്നതും അനൂകൂലഘടകമാണ്.

content highlights: Gambhir prefers Sanju; BCCI is considering two others

To advertise here,contact us