ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ആർആറിന്റെ കൗമാരതാരം വൈഭവ് സൂര്യൻഷി പുറത്തെടുത്തത്. എന്നാൽ 47 പന്തിൽ നിന്ന് 96 റൺസ് എന്ന വളരെ മികച്ച റൺസ് നേടി ഡഗ് ഔട്ടിലേക്ക് മടങ്ങിയെത്തിയ വൈഭാവിനോട് ദേഷ്യപ്പെടുന്ന നായകൻ റിയാൻ പരാഗിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വെറും നാല് റൺസ് മാത്രം അകലെ സെഞ്ചുറി നേട്ടം നഷ്ടമായി നിരാശയിൽ വരുന്ന താരത്തെ കൈചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു.
മാത്രമല്ല, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം ക്ഷീണിതനായി വെള്ളം കുടിച്ചുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന വൈഭവിനോട് പരാഗ് വീണ്ടും വിരല്‍ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ കൃത്യമായി കാണാം. പരാഗിന്റെ ഈ അപക്വമായ പെരുമാറ്റത്തിനെതിരെ ആരാധകര്‍ രൂക്ഷവിമര്‍ശനമാണ് ഉയർത്തുന്നത്. ടീമിനെ തകർച്ചയിൽ നിന്നും ഒറ്റയ്ക്ക് കരകയറ്റിയ താരത്തോട്, അതും വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ള താരത്തോട് പരസ്യമായി ദേഷ്യപ്പെട്ടതാൻ ആരാധകരെ ഇത്രയും ചൊടുപ്പിച്ചത്. ഈ സീസണിൽ വെറും രണ്ട് മത്സരങ്ങളില്‍ മാത്രം തിളങ്ങിയ പരാഗിന് ടീമിലെയും ഐപിഎല്ലിലേയും ടോപ് സ്കോററായ വൈഭവിനോട് ദേഷ്യപ്പെടാന്‍ എന്തവകാശമാണുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.
എന്നാൽ, ജിടിക്കെതിരെ ആറ് പന്തിൽ നിന്ന് വെറും 11 റൺസ് മാത്രമാണ് നായകൻ റിയാൻ പരാഗിന് നേടാനായത്. ഡഗ് ഔട്ടിലെ സംഭവത്തിന് പുറമെ ഫീല്ഡിംഗിനിടേയും പരാഗ് വൈഭവിനെ ആക്രോശിച്ച് സംസാരിച്ചിരുന്നു. അതിനെതിരെയും ആരാധകർ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറില്‍ ജയിക്കാന്‍ 12 പന്തില്‍ 10 റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു ഫീല്‍ഡില്‍ വേറെ എവിടേക്കോ നോക്കി നില്‍ക്കുകയായിരുന്ന വൈഭവിനെ ഉറക്കെ വിളിച്ച് പരാഗ് ആക്രോശിച്ചത്. എന്നാൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ റിയാൻ പരാഗ് വൈഭവിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. 'വൈഭവ് വെറുതെ കണ്ണടച്ച് ബാറ്റ് വീശുകയല്ല, മറിച്ച് സാഹചര്യം മനസിലാക്കി, കണക്കുകൂട്ടലുകളോടെയാണ് ബാറ്റ് ചെയ്യുന്നത്', പരാഗ് വ്യക്തമാക്കി.
Content highlight: RR captain Riyan Parag at Vaibhav Sooryavanshi fans react