ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സൽമാൻ നിസാർ നേതൃത്വത്തിലായിരിക്കും ടീം കേരള ടൂര്‍ണമെന്റിനായി കളത്തിലെത്തുന്നത്. ഡെറാഡൂണിൽ വച്ച് മെയ് 30 മുതലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ഏകദിന ഫോർമാറ്റിലായിരിക്കും നടക്കുക. പുതിയ സീസണിൽ കേരള ടീം പങ്കെടുക്കുന്ന ആദ്യ പ്രമുഖ ടൂർണ്ണമെൻ്റുകളിൽ ഒന്നാണിത്.
നാല് വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഗോവ, എൽബി ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബ്, നേപ്പാൾ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് കേരളം ഉൾപ്പെടുന്നത്. ശനിയാഴ്ച നേപ്പാളിനെതിരെയാണ് കേരളത്തിൻ്റെ ടൂർണമെന്റിലെ ആദ്യ മത്സരം. ഞായറാഴ്ച എൽബി ശാസ്ത്രി ക്രിക്കറ്റ് ക്ലബുമായും ചൊവ്വാഴ്ച ഗോവയുമായും കേരളത്തിന് മത്സരങ്ങൾ ഉണ്ട്. ജൂൺ ഏഴിനാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്.
അഭിഷേക് മോഹനാണ് കേരള ടീമിന്റെ പരിശീലകൻ. സൽമാൻ നിസാർ (നായകൻ), രോഹൻ എസ് കുന്നുമ്മൽ, അക്ഷയ് മനോഹർ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ഷോൺ റോജർ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് പി നായർ, ആസിഫ് സലാം, അമൽ രമേഷ്, സിജോമോൻ ജോസഫ്, ഫാനൂസ് എഫ്, അശ്വന്ത് എസ് ശങ്കർ, ആദിത്യ ബൈജു, സിബിൻ പി ഗിരീഷ് എന്നിവരാണ് ടീം അംഗങ്ങൾ.
Content highlight: Salman Nizar to lead Kerala squad for Uttarakhand Gold Cup