'യൂണിവേഴ്സ് ബോസോ, അതോ ക്രിക്കറ്റിലെ ദൈവമോ!'; വൈഭവിനെ ഇനി എന്താണ് വിളിക്കേണ്ടതെന്ന് ഇന്ത്യൻ മുൻ താരം

നാളെ ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസാണ് നായകൻ റിയാൻ പരാജിന്റെയും സംഘത്തിന്റെയും എതിരാളികൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് തരാം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യൻ മുൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മത്സരത്തിലെ രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത് വൈഭവന്റെ ത്രസിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ ഈ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും തകർക്കാൻ പറ്റാത്തതാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

'വൈഭവിന് ഇനി എന്ത് പേരാണ് ഇടേണ്ടത്. 'യൂണിവേഴ്സ് ബോസ്', 'ക്രിക്കറ്റിലെ ദൈവം' എന്നോക്കെ വിളിക്കണോ? കാരണം, ലോകം മുഴുവൻ ഇപ്പോൾ അവനെ പ്രശംസിക്കുകയാണ്. ക്രിസ് ഗെയ്ൽ തന്‍റെ ക്രിക്കറ്റ് കരിയറിൽ ചെയ്തതിനേക്കാൾ വളരെ വലിയ കാര്യങ്ങളാണ് ഈ കുട്ടി തന്‍റെ രണ്ടാം ഐപിഎൽ സീസണിൽ ചെയ്യുന്നത്. അവൻ തിരുത്തി കുറിച്ചിരിക്കുന്ന റെക്കോര്‍ഡുകളൊക്കെ ഭാവിയിൽ മറ്റൊരു താരത്തിന് തകർത്തെഴുതുക എന്നത് ഒട്ടുംതന്നെ എളുപ്പമായിരിക്കില്ല', ശ്രീകാന്ത് വൈഭാവിനെ വാനോളം പുകഴ്ത്തികൊണ്ട് പറഞ്ഞു. വൈഭവ് വെറുതെ കണ്ണുംപൂട്ടി അടിക്കുകയല്ല, മറിച്ച് അതീവ ബുദ്ധിപൂർവ്വമാണ് അവൻ ബാറ്റ് ചെയ്യുന്നതെന്നും നിരീക്ഷിച്ചു. 'വിവ് റിച്ചാർഡ്സും കപിൽ ദേവും ബൗളിംഗ് നിരകളെ തകർത്തുതരിപ്പണമാക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ അവരേക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് കളിക്കുന്നത്. വിവിയൻ റിച്ചാർഡ്സിനോ കപിൽ ദേവിനോ പോലും ഇത്രയും സ്ഥിരതയോടെ ബൗളർമാരെ തല്ലിച്ചതയ്ക്കാൻ കഴിഞ്ഞിട്ടില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസാണ് നായകൻ റിയാൻ പരാജിന്റെയും സംഘത്തിന്റെയും എതിരാളികൾ. മത്സരത്തിൽ വിജയിക്കുന്നവർക്ക് കലാശപ്പോരിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. വിജയികൾ 2026 ഐപിഎൽ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിലെ ആയിരിക്കും നേരിടുക. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് കലാശപ്പോര് നടക്കുന്നത്.

Content highlight: Former Indian Cricketer K Srikanth about Vaibhav Sooryavanshi

To advertise here,contact us