ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക്.
ടൂര്‍ണമെന്റിന്റെ ആറാം സീസണിന് മുന്നോടിയായി കാന്‍ഡി റോയല്‍സ് ടീമാണ് 35കാരനായ താരത്തെ സ്വന്തമാക്കിയത്.
ജൂണ്‍ 1-ന് നടക്കുന്ന കളിക്കാരുടെ ലേലത്തിന് മുമ്പായി ടീമുകള്‍ നേരിട്ട് കരാറിലെത്തിയ പ്രമുഖ വിദേശ താരങ്ങളില്‍ ഒരാളാണ് വിജയ് ശങ്കര്‍. കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കാണ് താരം ഇതിലൂടെ ചുവടുവെക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചതിനാല്‍ വിജയ് ശങ്കറിന് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ വിലക്കുകളുണ്ടാകില്ല. വാനിന്ദു ഹസരംഗ, ആഞ്ചലോ മാത്യൂസ്, മൊയീന്‍ അലി തുടങ്ങിയ വമ്പന്‍ താരങ്ങളെ ലേലത്തിന് മുന്നോടിയായിത്തന്നെ കാന്‍ഡി റോയല്‍സ് തങ്ങളുടെ മാര്‍ക്വി താരങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്.
ലീഗ് നിയമപ്രകാരം പ്രധാന ലേലത്തിന് മുന്‍പ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ശ്രീലങ്കന്‍ മാര്‍ക്വി താരങ്ങളെയും നേരിട്ട് ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് കാന്‍ഡി മാനേജ്മെന്റ് വിജയ് ശങ്കറിനെ ടീമിലെത്തിച്ചത്.
content highlights: