അതൊരു വലിയ സൂചന; ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്..?

മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ കനത്ത തോല്‍വിയുണ്ടായതോടെ ഹാര്‍ദികിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൂടുമാറ്റങ്ങള്‍ സ്വാഭാവികമാണെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ അത് വലിയ വാര്‍ത്തയാവുകയാണ്. മുംബൈ ഇന്ത്യന്‍സ് സംഘത്തില്‍ പാണ്ഡ്യ അസംതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. താരം ക്യാപ്റ്റനായി മുംബൈ ഈ സീസണില്‍ കളിച്ചപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 14 കളിയില്‍ ആകെ നേടിയത് നാല് ജയം മാത്രം. പത്തുമത്സരങ്ങള്‍ തോറ്റു. ഇതോടെ അതിവേഗം പ്ലേ ഓഫ് കാണാതെ പുറത്തായി മുംബൈ ഇന്ത്യന്‍സ്.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മറ്റൊരു ടീമിലേക്ക് ചേക്കേറാനിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കാവും അദ്ദേഹം പോവുക. കഴിഞ്ഞ കുറച്ചു നാളുകളായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഇപ്പോള്‍ ഹാര്‍ദിക് തന്നെ ഇക്കാര്യത്തില്‍ ഒരു വലിയ സൂചന നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതു വൈറലായി. വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോറ്റതിന് ശേഷം അദ്ദേഹത്തിന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഈ മത്സരം കഴിഞ്ഞ ശേഷം ഹാര്‍ദിക്കിന്റെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ലാപ്ടോപ് മടിയില്‍ വച്ച് അതില്‍ ആനിമേഷന്‍ ആസ്വദിക്കുന്നതാണ് ചിത്രം. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കാണാം. ഇതിന്റെ സ്‌ക്രീന്‍ സേവറായി കാണിച്ചിരിക്കുന്നത് സമയമാണ്. 07:07 എന്നാണ് ഇതില്‍ കാണിച്ചിരിക്കുന്ന സമയം. ഏഴ് എന്നത് ചെന്നൈ ഇതിഹാസ താരം എംഎസ് ധോണിയുടെ ജഴ്സി നമ്പറാണ്. സിഎസ്‌കെയിലും നേരത്തേ ഇന്ത്യന്‍ ടീമിലുമെല്ലാം ധോണി ഉപയോഗിച്ചത് ഈ നമ്പര്‍ തന്നെയാണ്. ധാണിയുമായി സഹോദരതുല്യ ബന്ധം പുലര്‍ത്തുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിക്ക് കീഴിലാണ് പാണ്ഡ്യ ലോകോത്തര താരമായതും. ധോണിയുടെ സ്വാധീനത്താല്‍ അദ്ദേഹം ചെന്നൈയിലേക്ക് എത്തിയേക്കുമെന്നാണ് പ്രചാരണം. അതിന്റെ സൂചനയാണ് ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം നല്‍കിയതെന്നാണ് നിഗമനം. നേരത്തെ ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍ ഹാര്‍ദിക്കുമായി ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതും ഹാര്‍ദികിന്റെ കൂടുമാറ്റ അഭ്യൂഹം വര്‍ധിപ്പിച്ചിരുന്നു.

content highlights: That's a huge hint; Is Hardik Pandya moving to Chennai Super Kings..?

To advertise here,contact us