'അവര്‍ എന്നെ അണ്‍ബ്ലോക്ക് ചെയ്യില്ല'; സണ്‍റൈസേഴ്‌സുമായുള്ള പ്രശ്നം തീർന്നില്ലെന്ന് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വാര്‍ണര്‍ ഇക്കാര്യം പരസ്യമാക്കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്നെ ഇപ്പോഴും 'ബ്ലോക്ക്' ചെയ്തിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വാര്‍ണര്‍ ഇക്കാര്യം പരസ്യമാക്കിയത്.

ബ്ലോക്ക് ചെയ്യപ്പെടുമ്പോള്‍ സാധാരണയായി കാണാറുള്ളത് പോലെ, സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ട് 'പ്രൈവറ്റ്' ആയാണ് വാര്‍ണറുടെ സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. ഇത് ശരിക്കും സണ്‍റൈസേഴ്‌സിന്റെ ഔദ്യോഗിക അക്കൗണ്ട് തന്നെയാണോ എന്ന് ചോദിച്ചുകൊണ്ട് താരം ഒരു പോളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാര്‍ണറുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകന്‍ കുറിച്ച കമന്റോടെയാണ് ഈ വിഷയം വീണ്ടും വലിയ ചര്‍ച്ചയായത്. വാര്‍ണറെ അണ്‍ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അക്കൗണ്ടിനെ ടാഗ് ചെയ്തിരുന്നു. ഇതിന് മറുപടിയായി, 'അവര്‍ എന്നെ ഒരിക്കലും അണ്‍ബ്ലോക്ക് ചെയ്യില്ല,' എന്നാണ് വാര്‍ണര്‍ കുറിച്ചത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ഒരു താരം-ഫ്രാഞ്ചൈസി കൂട്ടുകെട്ടായിരുന്നു വാര്‍ണറും ഹൈദരാബാദും തമ്മിലുണ്ടായിരുന്നത്. 2014-ല്‍ ഹൈദരാബാദ് ടീമിലെത്തിയ വാര്‍ണര്‍ തൊട്ടടുത്ത വര്‍ഷം തന്നെ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റു. 2016ല്‍ സണ്‍റൈസേഴ്‌സ് തങ്ങളുടെ ഏക ഐപിഎല്‍ കിരീടം നേടുന്നത് വാര്‍ണറുടെ നായകത്വത്തിന് കീഴിലായിരുന്നു.

ഹൈദരാബാദിനായി കളിച്ച 95 മത്സരങ്ങളില്‍ നിന്ന് 49.56 ശരാശരിയില്‍ 4014 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും 40 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 2015, 2017, 2019 വര്‍ഷങ്ങളില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് നേടിയതും വാര്‍ണറായിരുന്നു.

എന്നാല്‍ 2021 സീസണോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മോശം ഫോമും തുടര്‍ച്ചയായ തോല്‍വികളും കാരണം സീസണിന്റെ പകുതിവെച്ച് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാനേജ്‌മെന്റ് നീക്കി. പിന്നീട് അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്ന് പോലും ഒഴിവാക്കി. ഇതോടെ കാര്യങ്ങൾ വഷളാകുകയായിരുന്നു.

content highlights:david warner reveals sunrisers hyderabad still blocked him on social media

To advertise here,contact us