'വൈഭവും ഇഷാനും ഞങ്ങളുടെ അഭിമാനം'; ബിഹാറിനും സ്വന്തമായി IPL ടീം വേണമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബിഹാറിന് സ്വന്തമായി ഒരു ടീം വേണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ചെയർമാനുമായ അനിൽ അഗർവാൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബിഹാറിന് സ്വന്തമായി ഒരു ടീം വേണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ചെയർമാനുമായ അനിൽ അഗർവാൾ. ബിഹാറിൽ നിരവധി ക്രിക്കറ്റ് പ്രതിഭകളുണ്ടെന്നും ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെപ്പോലെ ബിഹാറിനും സ്വന്തമായി ഒരു ക്രിക്കറ്റ് സംസ്കാരം അർഹിക്കുന്നുണ്ടെന്നും എക്സിൽ അഗര്‍വാള്‍ പറഞ്ഞു.

ബിഹാറിൽ നിന്ന് ഉയർന്നു വന്ന ഇഷാന്‍ കിഷന്‍റെയും വൈഭവ് സൂര്യവംശിയുടെയും നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഗര്‍വാളിന്‍റെ പോസ്റ്റ്. ചെന്നൈ സൂപ്പർ കിങ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പോലെ ബിഹാറിനും സ്വന്തമായി ഒരു ഐപിഎൽ ടീം അർഹതപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നില്ലേ? ബിഹാർ രാജ്യത്തിന് മികച്ച നിരവധി ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു കാര്യം എന്നെ എപ്പോഴും അലട്ടുന്നു; ക്രിക്കറ്റിൽ നമ്മൾ അർഹിക്കുന്ന അംഗീകാരം എന്തുകൊണ്ടാണ് ഇതുവരെ നമ്മുടെ ബിഹാറിന് ലഭിക്കാത്തത്?" - അനിൽ അഗർവാൾ കുറിച്ചു.

ബിഹാറിൽ നിന്നുള്ള താരങ്ങൾ ഇതിനകം തന്നെ ലോക ക്രിക്കറ്റിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അനിൽ അഗർവാൾ ചൂണ്ടിക്കാട്ടി. പട്നയിൽ ജനിച്ച ഇഷാൻ കിഷനും സമസ്തിപൂരിൽ നിന്നുള്ള വൈഭവ് സൂര്യവംശിയും ഗോപാൽഗഞ്ചിൽ നിന്നുള്ള സാഖിബ് ഹുസൈനുമെല്ലാം ഇത്തവണ ഐപിഎല്ലില്‍ ബിഹാറിന്‍റെ പ്രതിനിധികളാണ്. ബിഹാറിലെ യുവ കായികതാരങ്ങൾക്ക് കരിയർ വളർത്താൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വരുന്ന സാഹചര്യം മാറണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അഗർവാൾ വ്യക്തമാക്കി.

content highlights:vedanta-chairman-demands-ipl-team-for-bihar-vaibhav-suryavanshi-ishan-kishan-malayalam-news

To advertise here,contact us