വ്യക്തിപരമായ കാര്യങ്ങളിലെ വിമര്‍ശനം; കമന്റേറ്റര്‍മാര്‍ക്കെതിരെ റിയാന്‍ പരാഗ്

കഠിന പരിശീലനങ്ങള്‍ക്കുശേഷമാണ് മൈതാനത്ത് കളിക്കാനെത്തുന്നതെന്ന് പരാഗ്, അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍

ക്രിക്കറ്റ് മത്സരത്തെക്കുറിച്ചുള്ള കമന്ററിയില്‍ വ്യക്തിപരമായ കാര്യങ്ങളെ പരാമര്‍ശിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിയാന്‍ പരാഗ്. ക്രിക്കറ്റ് കളിയെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തിലെ പോരായ്മകളെക്കുറിച്ചും വിമര്‍ശിക്കാമെന്നും എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടെന്നുമാണ് കമന്റേറ്റര്‍മാരോട് റിയാന്‍ പരാഗിന്റെ ആഭ്യര്‍ഥന. 'ദിവസങ്ങള്‍ നീളുന്ന കഠിന പരിശീലനത്തിനുശേഷമാണ് ഓരോ മത്സരത്തിനായും കളിക്കാര്‍ മൈതാനത്തിറങ്ങുന്നത്. കളിയില്‍ ജയവും തോല്‍വിയും ഉണ്ടാകും. ആരാധകര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും ഞങ്ങളെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്.

പക്ഷെ, കളിക്കാരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്. കമന്റേറ്റര്‍മാര്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഗ്രൗണ്ടിന് പുറത്തുനടക്കുന്ന കാര്യങ്ങളും കളിക്കാരുടെ വ്യക്തിഗത ജീവിതവും വിശകലനം ചെയ്യുന്നതും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമെല്ലാം ഒഴിവാക്കണം. ക്രിക്കറ്റ് മാത്രമായിരിക്കം നമ്മുടെ വിഷയം' - റിയാന്‍ പരാഗ് പറഞ്ഞു.

കളിക്കാരെക്കുറിച്ചും അവരുടെ പെരുമാറ്റങ്ങളെക്കുറിച്ചുമെല്ലാം കമന്റേറ്റര്‍മാര്‍ സംസാരിക്കുന്നതിനെയാണ് പരാഗ് എതിര്‍ക്കുന്നത്. ഇ-സിഗരറ്റ് ഉപയോഗിച്ച് വിവാദത്തിലായ റിയാന്‍ പരാഗ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ പലയിടത്തുനിന്നും വിമര്‍ശനങ്ങളറിഞ്ഞു.ഐപിഎലില്‍ ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫിലേക്കെത്താന്‍ രാജസ്ഥാന്‍ റോയല്‍സിനാകും. ഇതിനായുള്ള കഠിന പരിശ്രമത്തിലാണ് രാജസ്ഥാന്‍. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അടുത്ത മത്സരം. നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചതോടെ പ്ലേ ഓഫിന് അരികിലെത്താന്‍ കഴിഞ്ഞിരുന്നു.

content highlights: Criticism on Personal Matters: Riyan Parag Lashes Out Against Commentators

To advertise here,contact us