മാനേജ്‌മെന്റുമായി ഭിന്നത! എം എസ് ധോണി ചെന്നൈ വിടുന്നു?

2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിക്കുന്നതോടെ സിഎസ്കെയുടെ ഇതിഹാസ താരവും മുൻ നായകനുമായ എം എസ് ധോണി ടീം വിടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ

ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ലാത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിക്കുന്നതോടെ സിഎസ്കെയുടെ ഇതിഹാസ താരവും മുൻ നായകനുമായ എം എസ് ധോണി ടീം വിടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരം ചെന്നൈ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നതാണ് ഇതിന് കാരണമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിൽ ടീമിൽ ഉണ്ടാകുമോ എന്നത് കാത്തിരുന്ന കാണേണ്ടതുണ്ട്.

അതേസമയം ധോണിയോ, ടീം മാനേജ്മെന്റോ ഇതേ കുറിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, എപ്പോൾ കളത്തിലിറങ്ങണമെന്നതിൽ താരത്തിന് തീരുമാനം എടുക്കാൻ എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ നിലപാട്. പക്ഷെ, തന്റെ സാന്നിധ്യത്തിലൂടെ ടീമിന് ഇപ്പോഴുള്ള ട്രാക്ക് തെറ്റിക്കേണ്ടതില്ല എന്ന് കരുതിയാണ് മൈതാനത്തേക്ക് താരം ഇതുവരെ എത്താതിരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്ക് പറ്റിയതിനെ തുടർന്ന് ധോണി ഇതുവരെ ചെന്നൈക്കായി ഒരു മത്സരം പോലും പാഡണിഞ്ഞിട്ടില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ ലീഗിലെ അവസാന മത്സരം. എന്നാൽ, വിരലിന് പരിക്കേറ്റ താരം കഴിഞ്ഞ ദിവസം റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലും എം എസ് ധോണി ടീമിനൊപ്പം ഉണ്ടായിരിക്കില്ല. താരം വീട്ടിലേക്ക് മടങ്ങിയെന്ന് ബാറ്റിംഗ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ എംഎസ്‌ഡി സിഎസ്കെ സ്‌ക്വാഡിനൊപ്പം വീണ്ടും ചേരുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

Content highlight: MS Dhoni to leave CSK after IPL 2026

To advertise here,contact us