2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ പോരാട്ടങ്ങൾ അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ നാലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ടീമുകൾ. അതിനിടയിലും, കളിക്കളത്തിലെ പ്രകടനങ്ങളേക്കാൾ അണിയറയിലെ തർക്കങ്ങളും, ടീമിലെ തന്ത്രങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ആക്കിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ടീമിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ ഇപ്പോൾ വിമർശനം ഉയർത്തിയിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യ. ക്രിക്ബസ്സിലെ ലൈവ് ചർച്ചയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. റിയാൻ പരാഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ഇമ്പാക്ട് പ്ലയെർ ആക്കി ഇറക്കിയ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിന്റെ നീക്കത്തെ 'ശുദ്ധ അസംബന്ധം' എന്നായിരുന്നു ജോയ് ഭട്ടാചാര്യ വിശേഷിപ്പിച്ചത്.
'ഇത് തികച്ചും തമാശയാണ്. ടീം ആ പ്രവർത്തിയിലൂടെ അവർ ആ കളിക്കാരന് വലിയ ദോഷമാണ് വരുത്തിവെക്കുന്നത്. റിയാൻ പരാഗിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ, അദ്ദേഹം കളിക്കാൻ ഫിറ്റല്ലെങ്കിൽ ദയവായി അദ്ദേഹത്തെ പുറത്തിരുത്തുക. മറിച്ച് അദ്ദേഹത്തെ ഇലവനിൽ ഉൾപ്പെടുത്താതെ ഇംപാക്ട് സബ്ബാക്കി കളിപ്പിക്കുന്നത് എന്തിനാണ്? ടീമിൽ വൈഭവ് സൂര്യവംശിയെപ്പോലൊരു തകർപ്പൻ യുവതാരം ഫോമിൽ നിൽക്കുമ്പോൾ ആ സ്ഥാനത്ത് പരാഗിന് ഒരിക്കലും പെട്ടെന്ന് കയറി മാസ്സ് കാണിക്കാൻ കഴിയില്ല. കൃത്യമായി പറഞ്ഞാൽ ഇത് ആ ക്യാപ്റ്റന്റെ മുഖത്തടിക്കുന്നതിന് തുല്യമാണ്. ഇനി ജയ്സ്വാളാണ് ഇനിയങ്ങോട്ട് ടീമിലെ കാര്യങ്ങൾ തീരുമാനിക്കുക എന്നാണെങ്കിൽ ആ കാര്യമെങ്കിലും മാനേജ്മെന്റ് ഞങ്ങളോട് വ്യക്തമായി പറയണം. എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും കൃത്യമായ വ്യക്തത വേണം', ജോയ് ഭട്ടാചാര്യ വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്നാണ് 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ ഏവരും വിശേഷിപ്പിക്കുന്നത്. വൈഭാവിനെ പോലെ ഒരു താരം ടീമിൽ ഉള്ളപ്പോൾ പരാഗിനെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് യുക്തിസഹമല്ലെന്നും ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. മെയ് 24 ഞായറാഴ്ച്ച മുംബൈ ഇന്ത്യൻസിനെതിരെ അവരുടെ തട്ടകത്തിൽ വച്ചാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
Content highlight: Joy Bhattacharya's statement on RR captain Riyan Parag