വെറും നാല് റണ്‍സ് കൂടി മതിയായിരുന്നുപ മിച്ചല്‍ മാര്‍ഷിന് സെഞ്ചുറിയിലേക്കെത്താന്‍. എന്നാല്‍ ഒരു റണ്ണൗട്ടില്‍ മാര്‍ഷിന്റെ മാസ് ഇന്നിങ്സ് അവസാനിച്ചു. 57 പന്തില്‍ 96 റണ്‍സാണ് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് എടുത്തത്. ഈ ഐപിഎലില്‍ തന്റെ രണ്ടാം സെഞ്ചുറി മാര്‍ഷ് കുറിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. സീസണിലെ ആദ്യ സെഞ്ചുറി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു. 56 പന്തില്‍ 111 റണ്‍സാണ് താരം നേടിയത്. ഒമ്പതുവീതം സിക്സറുകളും ഫോറും നേടിയാണ് താരം സെഞ്ചുറി കരസ്ഥമാക്കിയത്.
ഈ ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടിയത് ഒരേയൊരു താരമാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഞ്ജു സാംസണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ചുറി നേട്ടം. ഡല്‍ഹിക്കെതിരെ 56 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. മുംബൈക്കെതിരെ 54 പന്തിലായിരുന്നു സെഞ്ചുറി കുറിച്ചത്. രണ്ടു സെഞ്ചുറി നേടി സഞ്ജുവിനൊപ്പമെത്താനുള്ള അവസരമാണ് കഴിഞ്ഞദിവസം മിച്ചല്‍ മാര്‍ഷിന് നാലു റണ്‍സ് അകലെ നഷ്ടമായത്.
രാജസ്ഥാനെതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ലഖ്നൗ മികച്ച ടോട്ടലിലെത്തിയിരുന്നു. 57 പന്തില്‍ അഞ്ചുസിക്സറുകളും 11 ഫോറുകളുമായി 96 റണ്‍സാണ് മാര്‍ഷ് എടുത്തത്. ജോഷ് ഇംഗ്ലിസും മികച്ച പ്രകടനം (29 പന്തില്‍ 60) നടത്തി. മറുപടി ബാറ്റങ്ങിനിറങ്ങിയ രാജസ്ഥാനും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിനൊപ്പം (93) യശസ്വി ജയ്സ്വാള്‍ (43), ധ്രുവ് ജുറല്‍ (53) എന്നിവരും തകര്‍ത്തടിച്ചത് ടീമിന് മുതല്‍ക്കൂട്ടായി. അഞ്ചുപന്തുകള്‍ ശേഷിക്കെയായിരുന്നു രാജസ്ഥാന് റോയല്‍സ് ഏഴുവിക്കറ്റിന് ജയിച്ചത്. പ്ലേ ഓഫ് കാണാതെ ലഖ്നൗ നേരത്തെ പുറത്തായിരുന്നു.
content highlights: Marsh Falls Four Runs Short; Misses Second Century, Sanju Gains the Advantage