സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ പാകിസ്താൻ തകർന്നടിഞ്ഞിരുന്നു. എന്നാൽ, അതിന് പിന്നാലെ മൈതാനത്ത് അരങ്ങേറിയത് സിനിമാറ്റിക് ലെവൽ കോമഡി രംഗങ്ങളായിരുന്നു. പാക് താരം മുഹമ്മദ് റിസ്വാനും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസും തമ്മിലുണ്ടായ തർക്കവും, പിന്നാലെ ബംഗ്ലാദേശ് ഫീൽഡർമാർ റിസ്വാനെ ട്രോളിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാകുന്നത്.
നാലാം ദിനം 437 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പാകിസ്താൻ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ പാക് താരം മുഹമ്മദ് റിസ്വാൻ അർധസെഞ്ചുറി തികച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ സൈറ്റ് സ്ക്രീനിന് സമീപം ആരോ നടക്കുന്നുണ്ടെന്ന് കാണിച്ച് റിസ്വാന് ബാറ്റിംഗ് സ്റ്റാൻസിൽ നിന്നും മാറിനിന്നു. എന്നാൽ, വെളിച്ചക്കുറവ് ബാധിക്കുന്ന സമയത്ത് കളി മനഃപൂർവ്വം വൈകിപ്പിക്കാനുള്ള താരത്തിന്റെ തന്ത്രമാണിതെന്ന് മനസിലാക്കിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് ദേഷ്യത്തോടെ റിസ്വാന്റെ അടുത്തേക്കുച്ചെന്നു. ശേഷം നടന്ന ഇരുവരുടെയും സംഭാഷണം സ്റ്റമ്പ് മൈക്രോഫോണിലൂടെ വ്യക്തമായി കേൾക്കാമായിരുന്നു.
സംഭാഷണം ഇങ്ങനെയായിരുന്നു;
ലിറ്റൺ ദാസ്: ഇതെന്താണ് നിങ്ങൾ ഈ കാണിക്കുന്നത്?
മുഹമ്മദ് റിസ്വാൻ: അതാ നോക്കൂ, അവൻ അവിടെ ഒരാള് നിൽക്കുന്നത് കണ്ടില്ലേ? (ബൗണ്ടറിയിലേക്ക് ചൂണ്ടികാട്ടി റിസ്വാൻ പറഞ്ഞു)
ലിറ്റൺ ദാസ്: അങ്ങോട്ട് നോക്കാതെ ഇവിടെ നോക്കി ബാറ്റ് ചെയ്യാൻ ശ്രമിക്കൂ. ഫിഫ്റ്റി അടിച്ചപ്പോള് അഭിനയം തുടങ്ങിക്കോളും!
ലിറ്റൺ ദാസ് 'അഭിനയം' എന്ന് പറഞ്ഞത് ബംഗ്ലാദേശ് സ്ലിപ്പ് ഫീൽഡർമാർ അത് ഏറ്റെടുത്തു. പ്രിയദര്ശന് സംവിധാനം ചെയ്ത ബോളിവുഡ് കോമഡി ചിത്രമായ 'ഹേരാ ഫേരി'യിലെ ഐക്കോണിക് ഡയലോഗുകൾ എടുത്തായിരുന്നു റിസ്വാന് നേരെയുള്ള മറ്റ് താരങ്ങളുടെ ട്രോൾ മഴ. 'ഈ ഓവറാക്ടിങ്ങിന് ഇവന്റെ പ്രതിഫലത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം', ഒരു ഫീൽഡർ വിളിച്ചുപറഞ്ഞു. തൊട്ടുപിന്നാലെ അടുത്തയാളുടെ വക കമന്റ് എത്തി, 'നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്, ബാക്കിയുള്ളവരെക്കൂടി പഠിപ്പിക്കാൻ നോക്കുകയാണ്'. റിസ്വാന്റെ ഈ 'തിയേറ്ററിക്കൽ' പ്രകടനം കണ്ട് മൈതാനത്ത് അംപയർമാരും ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
Content highlight: Litton Das, Bangladesh teammates troll Pakistan player Muhammad Rizwan