അടുത്ത ഐപിഎൽ സീസണിൽ കളിക്കുമോ? റെയ്നയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി

പരിക്ക് പറ്റിയതിനെ തുടർന്ന് ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണി മൈതാനത്തിറങ്ങിയിരുന്നില്ല

ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ആരാധകർക്ക് നിരാശ നൽകികൊണ്ട് തോൽവി വഴങ്ങിയിരുന്നു. എന്നാൽ, മത്സരത്തിന് ശേഷം അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ എംഎസ് ധോണി. തന്റെ ശരീരം പണ്ടത്തേതുപോലെ അല്ല എന്നതായിരുന്നു ധോണിയുടെ ആ മറുപടി. മത്സരത്തിനിടെ ധോണിയുടെ അടുത്ത സുഹൃത്തും സിഎസ്കെ മുൻ താരവുമായ സുരേഷ് റെയ്ന എംഎസ്ഡിയുമായി നടത്തിയ സംഭാഷണം സ്റ്റാർ സ്പോർട്സ് പുറത്തുവിട്ടിരുന്നു. അടുത്ത ഐപിഎൽ സീസണിൽ ധോണി വീണ്ടും പാഡണിയുമോ എന്ന റെയ്നയുടെ ചോദ്യത്തിനാണ് ധോണി മറുപടി നൽകിയത്. എന്നാൽ ആ മറുപടി ആരാധകരുടെ നെഞ്ചുതകർക്കുന്നതായിരുന്നു.

'ഞാൻ ധോണിയോട് പറഞ്ഞു, നീ ഈ സീസണിൽ ഒരു മിസ്ഡ് കോൾ മാത്രമാണ് തന്നത്. ഇത് കണക്കിലെടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അടുത്ത വർഷം നീ നിർബന്ധമായും തിരിച്ചുവരണം. എന്നാൽ, എന്‍റെ ശരീരം പണ്ടത്തെപ്പോലെ അല്ല എന്നതായിരുന്നു ധോണി നൽകിയ മറുപടി. ഞങ്ങൾ ഇതൊന്നും വിശ്വസിക്കില്ല, നീ അടുത്ത വർഷം കളിച്ചേ തീരൂ, ഞാൻ വീണ്ടും പറഞ്ഞു. ബാക്കിയെല്ലാം ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും ധോണി പോസിറ്റീവ് ആണെന്നാണ് ഞാൻ കരുതുന്നത്', റെയ്ന വ്യക്തമാക്കി.

പരിക്ക് പറ്റിയതിനെ തുടർന്ന് ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണി മൈതാനത്തിറങ്ങിയിരുന്നില്ല. സീസണിൽ ചേപ്പോക്കിലെ ചെന്നൈയുടെ അവസാന മത്സരത്തില്‍ ധോണി കളത്തിലിറങ്ങുമെന്നും ഹോം ഗ്രൗണ്ടില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും മത്സരത്തിന് മുൻപായി വീണ്ടും പരിക്കേറ്റത് താരത്തിന് തിരിച്ചടിയായിരുന്നു.

Content highlight: ‘My body is little weak’- MS Dhoni’s comment to Suresh Raina sparks retirement fears

To advertise here,contact us