ചെപ്പോക്കിലെ മത്സരത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെത്തുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത്, അടുത്ത മത്സരവും കൂടി ജയിച്ച് പ്ലേ ഓഫിലേക്ക് പറക്കാമെന്നായിരുന്നു മോഹം. പക്ഷെ, എല്ലാം അവസാനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം തകര്‍ന്നതോടെ ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകളെല്ലാം മങ്ങി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന് കിഷനാണ് ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തിയത്. അദ്ദേഹത്തിന്റെയും ഹെന്റിച്ച് ക്ലാസന്റെയും പ്രകടന മികവില്‍ ഹൈദരാബാദ് ആറു പന്തുകള്‍ ശേഷിക്കെ അഞ്ചുവിക്കറ്റിന് ജയിച്ചു.
വിജയത്തിന് പിന്നാലെ ഇഷാന് കിഷന് നടത്തിയ ആഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ടീം വിജയിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍നിന്ന് ഗ്യാലറി നോക്കി അദ്ദേഹം ചെന്നൈ ആരാധകരുടെ വിസില്‍ പോഡിനെ കളിയാക്കി അനുകരിക്കുകയും ആരാധകരോട് ഗ്രൗണ്ട് വിട്ട് പോകാന്‍ പറയുകയും ചെയ്തു. നിങ്ങള്‍ക്ക് പ്ലേ ഓഫ് ഇല്ലെന്നുള്ള സൂചന നല്‍കിയും അദ്ദേഹം ചെന്നൈ ആരാധകരെ പരിഹസിച്ചു.
Good team win that's it well played Ishan Kishan👏👏👏 pic.twitter.com/sfEtoeorOk
ഇഷാന് കിഷനാണ് ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ കളിയിലെ താരമായത്. ഹെന്റിച്ച് ക്ലാസന് 47 റണ്‍സെടുത്ത് പൊരുതിയതും നിര്‍ണായകമായി. അഭിഷേക് ശര്‍മ (26), ട്രാവിസ് ഹെഡ് (ആറ്), നിതീഷ് കുമാര്‍ റെഡ്ഡി (11), സലില്‍ അറോറ (10*), സമ്രാന്‍ രവിചന്ദ്രന്‍ (അഞ്ച്) എന്നിങ്ങനെയാണ് മറ്റ് സ്കോറുകള്‍.
ബൗളിങ്ങിലും ഹൈദരാബാദ് സംഘത്തിന്റെ പ്രകടനം മികച്ചതായി. പാറ്റ് കമിന്‍സ് മൂന്നുവിക്കറ്റും സാകിബ് ഹുസൈന് രണ്ടും ഇഷാന് മലിംഗ, പ്രഫുല്‍ ഹിംഗെ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ചെന്നൈ നിരയില്‍ ഡെവാള്‍ഡ് ബ്രെവിസും (44), കാര്‍ത്തിക് ശര്‍മയും (32) പിടിച്ചുനിന്നു. സഞ്ജു സാംസണ് (27), ശിവം ദുബെ (26) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ഉര്‍വില്‍ പട്ടേല്‍ എന്നിവര്‍ നിരാശപ്പെടുത്തി. ബൗളര്‍മാരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ല.
content highlights: Whistled and asked them to leave the gallery; Ishan Kishan mocks Chennai fans at Chepauk