ഐപിഎല്ലിലെ ഇന്നലത്തെ രണ്ടാം പോരാട്ടമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിലെ അവസാന ഓവറില്‍ കണ്ടത് അതി നാടകീയ രംഗങ്ങളായിരുന്നു.
ഒരു ഓവറിൽ തന്നെ രണ്ട് തവണ അരക്ക് മുകളിലൂടെയുള്ള ഫുള്‍ടോസുകള്‍(ബീമറുകള്‍) എറിഞ്ഞിട്ടും കൊല്‍ക്കത്ത പേസർ കാർത്തിക് ത്യാഗിയെ പന്തെറിയുന്നതില്‍ നിന്ന് വിലക്കാതിരുന്ന അമ്പയര്‍മാരുടെ നടപടിയാണ് വിവാദത്തിലായത്.
കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ലക്നൗവിന് ജയിക്കാൻ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മുഹമ്മദ് ഷമി ബൈ റണ്ണോടി ഹിമ്മത് സിംഗിന് സ്ട്രൈക്ക് കൈമാറി.
എന്നാല്‍ രണ്ടാം പന്ത് ഹിമ്മത് സിംഗിനെതിരെ ത്യാഗി എറിഞ്ഞത് അപകടകരമായ ഒരു ബീമറായിരുന്നു. അമ്പയർ ഉടൻ തന്നെ നോ ബോൾ വിളിച്ചു. ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ വീണ്ടും അരക്കെട്ടിന് മുകളിലൂടെ മറ്റൊരു ബീമര്‍ ത്യാഗി എറിഞ്ഞു.
ഇതില്‍ ഹിമ്മത് സിംഗിനെ റൊവ്മാന്‍ പവല്‍ ക്യാച്ചെടുത്തെങ്കിലും അമ്പയര്‍ വീണ്ടും നോ ബോള്‍ വിളിച്ചു. ഇത് കൊല്‍ക്കത്ത റിവ്യൂ ചെയ്തെങ്കിലും നോ ബോൾ തന്നെയെന്ന് തേർഡ് അമ്പയർ വിധിച്ചു.
നിയമപ്രകാരം ഒരു ഫാസ്റ്റ് ബൗളർ ഒരു ഓവറില്‍ രണ്ട് തവണ അപകടകരമായ രീതിയിൽ പന്തെറിഞ്ഞാൽ ഉടൻ തന്നെ അയാള്‍ മത്സരത്തില്‍ തുടര്‍ന്ന് ബൗള്‍ ചെയ്യുന്നത് വിലക്കണം. കമന്റേറ്റർമാരും ആരാധകരും കാര്‍ത്തിക് ത്യാഗിയെ മാറ്റുമെന്ന് ഉറപ്പിച്ചെങ്കിലും അമ്പയർമാർ ത്യാഗിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇത് ആരാധകരെയും കമന്റേറ്റര്‍മാരെയും ഒരുപോലെ ഞെട്ടിച്ചു. രണ്ടാമത്തെ നോ ബോൾ 'അപകടകരമായ' ഒന്നല്ലെന്ന് വിലയിരുത്തലിലാണ് ത്യാഗിയെ തുടരാൻ അനുവദിച്ചത് എന്നാണ് അമ്പയറുടെ പക്ഷം.
content highlights: karthik tyagi beamer no ball controversy umpire decision ipl