ഫീല്‍ഡിങ്ങിനിടെ 'വണ്ടര്‍ കിഡിന്' പരിക്ക്; സെഞ്ചുറി ആഘോഷത്തിനിടെ രാജസ്ഥാന് ആശങ്ക

രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് പരിക്കേറ്റത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഓപ്പണിങ് ബാറ്റര്‍ വൈഭവ് സൂര്യവംശിക്കു പരിക്കേറ്റതാണ് രാജസ്ഥാന് ആശങ്കയാകുന്നത്. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് വൈഭവ് പരിക്കേറ്റു ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി വൈഭവ് സൂര്യവംശിക്ക് സെഞ്ചുറി നേടിയിരുന്നു. പിന്നാലെ ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു താരത്തിനു കാലില്‍ വേദന അനുഭവപ്പെട്ടത്. പരിക്കേറ്റതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ വൈഭവിനെ ഗ്രൗണ്ടില്‍നിന്നു മാറ്റി.

സണ്‍റൈസേഴ്‌സ് ബാറ്റര്‍ ഇഷാന്‍ കിഷന്റെ ഷോട്ട് തടയുന്നതിനായി ഓടുന്നതിനിടെയാണ് വൈഭവിന് കാലില്‍ വേദനയുണ്ടായത്. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ടീം ഫിസിയോ എത്തി ഗ്രൗണ്ടില്‍നിന്നു കൊണ്ടുപോയി. താരത്തിന്റെ പരുക്ക് ഗൗരവമുള്ളതാണെന്നു വ്യക്തമല്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 37 പന്തുകള്‍ നേരിട്ട വൈഭവ് 12 സിക്‌സുകളും അഞ്ച് ഫോറുകളുമുള്‍പ്പടെ 103 റണ്‍സാണു നേടിയത്. ട്വന്റി20യില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 473 പന്തുകള്‍ നേരിട്ടാണ് വൈഭവ് 1000 പിന്നിട്ടത്. ഐപിഎലില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ അണ്‍കാപ്ഡ് താരം കൂടിയായി വൈഭവ്. താരം സെഞ്ചുറിയുമായി തിളങ്ങിയിട്ടും രാജസ്ഥാന്‍ റോയല്‍സിനു മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു. അഞ്ചുവിക്കറ്റ് വിജയമാണ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചറികള്‍ നേടിയ ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടേയും ഇന്നിങ്‌സുകളാണ് ഹൈദരാബാദിനു വിജയം സമ്മാനിച്ചത്.

content highlights: 'Wonder kid' injured while fielding; concern for Rajasthan amidst century celebrations

To advertise here,contact us