സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് എന്ത് ചെയ്യാനാകും? ഐപിഎലില്‍ വീണ്ടും ഈ ചോദ്യമുയരുകയാണ്. ഐപിഎലില്‍ കടുത്ത ഭീഷണി നേരിടുന്നവരായി മാറിയിരിക്കുകയാണ് ബൗളര്‍മാര്‍. ബാറ്റിങ് പറുദീസയായി മിക്ക സ്റ്റേഡിയങ്ങളും മാറുമ്പോള്‍ അടി വാങ്ങിക്കൂട്ടുകയാണ് ബൗളര്‍മാര്‍ എന്നതാണ് യാഥാര്‍ഥ്യം. ഐപിഎലില്‍ ശനിയാഴ്ച നടന്ന രണ്ടുമത്സരങ്ങളും ബൗളര്‍മാരെ കാര്യമായി പരീക്ഷിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്സ്, രാജസ്ഥാന് റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരങ്ങളാണ് ബാറ്റര്‍മാരെ തുണച്ചത്.
ശനിയാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്സ് ആദ്യമത്സരത്തില്‍ ആകെ പിറന്നത് 529 റണ്‍സാണ്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി കുറിച്ചത് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ്! ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കെഎല്‍ രാഹുലിന്റെ സെഞ്ചുറിത്തിളക്കമാണ് ക്യാപ്റ്റല്‍സിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 67 പന്തില്‍നിന്ന് ഒമ്പത് സിക്സും 16 ഫോറുകളുമായി 152 റണ്‍സെടുത്തായിരുന്നു കെഎല്‍ രാഹുല്‍ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഐപിഎലില്‍ 150 റണ്‍സ് കടക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായി രാഹുല്‍. നിതീഷ് റാണ 44 പന്തില്‍ 91 റണ്‍സെടുത്ത് പിന്തുണയേകി. നാലുസിക്സും 11 ഫോറും ഉള്‍പ്പെട്ട ഇന്നിങ്സ്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 96 പന്തില്‍ 220 റണ്‍സ് കുറിച്ചു. രണ്ടാം വിക്കറ്റിലായിരുന്നു ഇത്.
പക്ഷെ ഇതെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു പഞ്ചാബിന്റെ ഇന്നിങ്സ്. ഏഴുപന്തുകള്‍ ശേഷിക്കെയായണ് പഞ്ചാബ് ജയിച്ചത്. ആറുവിക്കറ്റിന്റെ ജയം സ്വന്തമാക്കുമ്പോള്‍ ടീമിനുവേണ്ടി തകര്‍ത്തടിച്ചത് പ്രഭ്സിമ്രാന് സിങ്ങും (76) ശ്രേയസ് അയ്യരും (71) പ്രിയാന്‍ഷ് ആര്യയും (43) ഉള്പ്പെട്ടനിരയാണ്. അതിവേഗം ദൗത്യം പൂര്‍ത്തിയാക്കിയാണ് സംഘം ഡല്‍ഹി വിട്ടത്.
രണ്ടാം മത്സരത്തിലും പിറന്നത് 200 പിന്നിട്ട ടോട്ടലുകള്‍. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയത് ആറുവിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ്. വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി മികവിലായിരുന്നു രാജസ്ഥാന്റെ നേട്ടം. 37 പന്തില്‍ 103 റണ്‍സെടുത്താണ് താരം മടങ്ങിയത്. 12 സിക്സുകളാണ് ഇന്നിങ്സിലുണ്ടായത്. അഞ്ച് ഫോറുകളും അകമ്പടിയായി. ധ്രുവ് ജുറലും പോരാട്ടത്തിന് കൂടെനിന്നു.
മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് തകര്‍ത്തടിച്ചു. ഇഷാന് കിഷനും (74) അഭിഷേക് ശര്‍മയും (57) സ്കോറിങ് വേഗത്തിലാക്കി. ഒമ്പത് പന്ത് ബാക്കി നില്‍ക്കെയാണ് അഞ്ചുവിക്കറ്റിന് ടീമിന്റെ ജയം.
content highlights: 'Super Saturday!' 986 runs scored in a single day of IPL; bowlers feel the heat of the batting onslaught