ഐപിഎല്ലില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയത്തില്‍ കുറഞ്ഞ ലക്ഷ്യമേയുണ്ടാകില്ല. ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള സാധ്യതയ്ക്ക് ഇനി ജയംകൂടിയേ തീരൂ.
നിലവില്‍ ഏഴ് കളിയില്‍ മൂന്നുജയമാണ് ചെന്നൈയ്ക്കുള്ളത്. ആറുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ് സിഎസ്കെ. ചെന്നൈയ്ക്ക് ഇന്ന് അനുകൂലമാകുന്ന മറ്റൊരു ഘടകം മത്സരം ഇന്ന് ഹോം ഗ്രൗണ്ടിലാണ് എന്നതാണ്. ഏഴുകളിയില്‍ മൂന്ന് ജയത്തോടെ ആറുപോയിന്റുള്ള ഗുജറാത്ത് ഏഴാമതാണ്. അവസാനം കളിച്ച രണ്ടുമത്സരവും തോറ്റ ഗുജറാത്തിന് കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ചെന്നൈയക്കാകട്ടെ സഞ്ജു സാംസണ് ഫോമിലേക്കെത്തി എന്നതാണ് ആശ്വാസം. ആയുഷ് മാത്രെയുടെ വിടവുണ്ടെങ്കിലും സഞ്ജുവിലൂടെ നികത്താനാകുന്നു എന്നത് പ്രതീക്ഷയാണ്.
ഇന്നത്തെ മത്സരത്തിനെക്കുറിച്ചറിയാം
- ഐപിഎലില്‍ ചെന്നൈയും ഗുജറാത്തും ഇതുവരെ ഏറ്റുമുട്ടിയത് എട്ടുതവണ. ഇരുവരും നാലുവീതം മത്സരങ്ങളാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ജയിക്കുന്ന ടീമിന് മേല്‍ക്കൈ നേടാം.
- ഗുജറാത്തിനെതിരെ കൂടുതല്‍ റണ്‍സെടുത്ത ചെന്നൈ സൂപ്പര്‍ കിങ്സ് താരം റുതുരാജ് ഗെയ്ക് വാദാണ്. 350 റണ്‍സാണ് താരം നേടിയത്. ഈ ഐപിഎലില്‍ ഫോമിലല്ലെങ്കിലും ഗുജറാത്തിനെതിരെ മികച്ച ഇന്നിങ്സുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- ഈ സീസണില്‍ രണ്ടു സെഞ്ചുറികളുമായി തിളക്കത്തിലാണ് മലയാളി താരം സഞ്ജു സാംസണ്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെതിരെയാണ് സഞ്ജു സെഞ്ചുറി നേടിയത്. രണ്ടുമത്സരവും ചെന്നൈയ്ക്ക് ജയിക്കാനായി.
- പരിക്കില്‍നിന്ന് മുക്തനായി എംഎസ് ധോണി ഇന്ന് കളിക്കുമോ എന്നതാണ് ആകാംക്ഷ. ധോണി ഉടന്‍തന്നെ ടീമിന്റെ ഭാഗമാകുമെന്ന് ടീം വൃത്തങ്ങള്‍ ഈയിടെ അറിയിച്ചിട്ടുണ്ട്. ചെപ്പോക്കില്‍ ധോണി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ.
- ഗുജറാത്തിന്റെ സായ് സുദര്ശന് മികച്ച ഫോമില്‍. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സെഞ്ചുറിയടിച്ചെങ്കിലും ടീമിന് വിജയിക്കാനായില്ല.
- ശുഭ്മാന്‍ ഗില്‍, ജോസ് ബട്ലര് തുടങ്ങിയവരുള്ള ഗുജറാത്ത് ശക്തരായ സംഘം. ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്, മുഹമ്മദ് സിറാജ് തുടങ്ങിയവരും ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
content highlights: Chettan’ and boys are at Chepauk today; things you should know before the Chennai vs Gujarat match