റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ച് സഞ്ജു; വാംഖഡെയില്‍ തിരുത്തപ്പെട്ട കണക്കുകൾ ഇതൊക്കെ...

മത്സരത്തിൽ താരം പുറത്താകാതെ 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസായിരുന്നു അടിച്ചുകൂട്ടിയത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കെതിരായ ചെന്നൈയുടെ മത്സരത്തിൽ സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസൺ അനവധി റെക്കോർഡുകളാണ് തിരുത്തികുറിച്ചത്. മത്സരത്തിൽ താരം പുറത്താകാതെ 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസായിരുന്നു അടിച്ചുകൂട്ടിയത്. ആ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ഇപ്പോൾ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് സിഎസ്കെയുടെ മലയാളി താരം. സെഞ്ചുറി മികവ് മാത്രമല്ല, വാംഖഡെയില്‍ ഒറ്റ രാത്രികൊണ്ട് താരം തിരുത്തി എഴുതിയത് അനവധി റെക്കോർഡുകൾ കൂടിയാണ്.

ഇന്നലത്തെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരിക്കുകയാണ് സഞ്ജു സാംസൺ. മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ ആ സെഞ്ചുറി നേട്ടം. കൂടാതെ സിഎസ്കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെ കടത്തിവെട്ടി മറ്റൊരു റെക്കോർഡ് കൂടി സഞ്ജു തന്റെ റൺവേട്ടയിലൂടെ കുറിച്ചു. മുംബൈയ്‌ക്കെതിരെ ഒരു സിഎസ്‌കെ താരം എന്ന റുതുവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് സഞ്ജു ഇന്നലെ മറികടന്നത്. 88 റൺസായിരുന്നു റുതുവിന്റെ സമ്പാദ്യം. മുംബൈക്ക് എതിരായ മത്സരത്തിന് മുൻപ് ഡൽഹിക്കെതിരായ മത്സരത്തിലും സഞ്ജു സെഞ്ചുറി കുറിച്ചിരുന്നു. അതോടെ ഒരു ഐപിഎൽ സീസണിൽ സിഎസ്‌കെയ്‌ക്കായി രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായും സഞ്ജു മാറി. ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറി നേടുന്നവരുടെ പട്ടികയിലും സഞ്ജു തന്റെ സ്ഥാനം മെച്ചപ്പെടുത്തി. നിലവിൽ അഞ്ച് സെഞ്ചുറികളോടെ കെ.എൽ. രാഹുലിനൊപ്പമാണ് താരത്തിന്റെ സ്ഥാനം. എട്ട് സെഞ്ചുറികളുമായി വിരാട് കോഹ്‌ലി, ഏഴ് സെഞ്ചുറികളുമായി ജോസ് ബട്‌ലർ, ആറ് സെഞ്ചുറികളോടെ ക്രിസ് ഗെയ്‌ൽ എന്നിവരാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

ഒരു ഐപിഎൽ സീസണിൽ രണ്ട് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയിലും ഈ സെഞ്ചുറി നേട്ടത്തോടെ സഞ്ജു ഇടംപിടിച്ചു. സിഎസ്‌കെയ്‌ക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിലും സഞ്ജു എത്തി. വെറും ഏഴ് മത്സരങ്ങളിൽ നിന്നാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. റുതുരാജ് ഗെയ്‌ക്‌വാദ്, മുരളി വിജയ്, സുരേഷ് റെയ്‌ന, ഷെയ്ൻ വാട്സൺ എന്നിവരാണ് സിഎസ്‌കെയ്‌ക്കായി രണ്ട് സെഞ്ചുറികൾ നേടിയിട്ടുള്ള മറ്റ് താരങ്ങൾ. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളായി സഞ്ജു മാറി. മൂന്ന് സെഞ്ചുറികളോടെ ഐപിഎല്ലിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന നേട്ടത്തിൽ ക്വിന്റൺ ഡി കോക്കിനൊപ്പം സഞ്ജു സാംസണും എത്തി.

Content highlight: Sanju Samson records broken in Wankhede Stadium IPL 2026

To advertise here,contact us