തോല്‍വിയുടെ ആഴങ്ങളിലേക്ക് പോയപ്പോഴെല്ലാം ചെന്നൈ സൂപ്പര്‍ കിങ്സിനെ കൈപിടിച്ചുയര്‍ത്തിയ ആയുഷ് മാത്രേയുടെ പരിക്ക് ചെന്നൈയ്ക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ടീമിന്റെ ബാലന്‍സ് തെറ്റിക്കുന്നതാണ് ആയുഷ് മാത്രെയുടെ വിടവ്. എന്നാല്‍, നിര്‍ണായകമായ ഐപിഎല്‍ എല്‍ ക്ലാസിക്കോ മത്സരത്തിന് മുമ്പ് ആയുഷിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീമിലെത്തിച്ചിരിക്കുന്നതാകട്ടെ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തെയും. എല്‍ ക്ലാസിക്കോ മത്സരത്തിന് തൊട്ടുമുമ്പാണ് ചെന്നൈയുടെ സൈനിങ്.
മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ആകാശ് മധ്വാളാണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തിയത്. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ആകാശ് മധ്വാള് 2023, 2024 വര്‍ഷങ്ങളിലാണ് മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിരുന്നത്. 2025ല്‍ രാജസ്ഥാന് റോയല്‍സിനൊപ്പവും അദ്ദേഹം കളിച്ചു. ഐപിഎല്ലിലെ 17 മത്സരങ്ങളില്‍നിന്ന് 23 വിക്കറ്റുകള്‍ വീഴ്ത്തിയ താരം കൂടിയാണ് ആകാശ് മധ്വാള്.
ആയുഷ് മാത്രെയ്ക്ക് പകരക്കാരനായിട്ടാണ് ആകാശ് മധ്വാള് എത്തുന്നതെങ്കിലും ബൗളിങ് ഓപ്ഷനായിട്ടാണ് താരത്തെ ചെന്നൈ ഉള്‍പ്പെടുത്തുക. ആയുഷ് മാത്രെയ്ക്ക് പകരം ഉര്‍വില്‍ പട്ടേലിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. കാര്‍ത്തിക് ശര്‍മയും മാത്രേയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്.
ഐപിഎലിന്റെ 2026 സീസണിലേക്ക് ചെന്നൈ എത്തുമ്പോള്‍ത്തന്നെ വലിയ പ്രതിസന്ധികളാണ് ടീമിനെ അലട്ടിയിരുന്നത്. എംഎസ് ധോണി പരുക്കിനെ തുടര്‍ന്ന് ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പേസര്‍ നഥാന്‍ എല്ലിസ് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്‍പുതന്നെ പുറത്തായതും തിരിച്ചടിയായി. ഇടംകൈയ്യന്‍ പേസര്‍ ഖലീല്‍ അഹ്മദ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിനിടെ പരുക്കേറ്റ് പുറത്തായത് ടീമിനുണ്ടാക്കിയ തലവേദനയും ചെറുതല്ല. ഇതിനിടെയാണ് ബാറ്റിങ്ങില്‍ കരുത്തായിരുന്ന ആയുഷ് മാത്രെയും പരുക്കിന്റെ പിടിയിലായത്.
content highlights: Replacement for Ayush; Super Kings sign former Mumbai player ahead of El Clasico