മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ക്രിക്കറ്റില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ ബൗളിങ് സംഘത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മധ്യഓവറുകളില്‍ ബൗളര്‍മാര്‍ വലിയ വീഴ്ച വരുത്തിയെന്നാണ് വിമര്‍ശം. പവര്‍പ്ലേയില്‍ കാഗിസോ റബാദ മൂന്നുവിക്കറ്റ് വീഴ്ത്തി മത്സരം അനുകൂലമാക്കിയെങ്കിലും പിന്നീട് ഒരുവിധത്തിലും ഗുജറാത്തിന് തിരിച്ചുവരാനായില്ല.
തിലക് വര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഗുജറാത്തിനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത്. തിലകിന്റെ ഒറ്റയാള്‍പ്പോരാട്ടം ടീമിന് വരും മത്സരങ്ങളിലും വലിയ പ്രതീക്ഷയാണ്.
'മധ്യഓവറുകളില്‍ വളരെയധികം റണ്‍സ് വിട്ടുകൊടുത്തതാണ് വിനയായത്. 160-170 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു മത്സരം. പക്ഷെ സാധിച്ചില്ല. ഈ മത്സരത്തില്‍ ഒട്ടേറെ പാഠമുണ്ട്'- ഗില്‍ മത്സരശേഷം പറഞ്ഞു. തോല്‍വി ടീമിന് പാഠമാണെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇത് തിരുത്തുമെന്നും ഗില്‍ പറയുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും വലിയ പരാജയമാണിത്. 2025-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 83 റണ്‍സിനും 2024-ല്‍ ചെന്നൈയോട് തന്നെ 63 റണ്‍സിനും തോറ്റതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ തോല്‍വി.
മുംബൈയോടുള്ള കനത്ത പരാജയം ഗുജറാത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മുംബൈയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഗുജറാത്തിന്റെ ബാറ്റര്‍മാര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായിരുന്നില്ല. സായ് സുദര്ശന് അക്കൗണ്ട് തുറക്കുംമുന്നേ പുറത്തായി. ഗില്ലിനും ജോസ് ബട്ലര്ക്കും ഗ്ലെന്‍ ഫിലിപ്സിനും ഇംപാക്റ്റ് പ്ലെയറായെത്തിയ രാഹുല്‍ തെവാത്തിയക്കുമൊന്നും സ്കോറുയര്‍ത്താനായില്ല. മുംബൈയുടെ അശ്വനി കുമാറിന്റെയും ജസ്പ്രീത് ബുംറ, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ബൗളിങ് മികവിനുമിടയില് ഗുജറാത്ത് തകരുകയായിരുന്നു. മുംബൈക്കുവേണ്ടി തിലക് വര്‍മയുടെ സെഞ്ചുറിയും നമന്‍ ധിറിന്റെ പോരാട്ടവും ഫലംകണ്ടു. ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയത് കനത്ത തരിച്ചടിയായി.
content highlight: Many lessons from the match against Mumbai; bowling unit must get stronger, says Shubman Gill