ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ മത്സരം കാണാൻ തന്നെ ക്ഷണിക്കാത്തതിൽ പ്രകോപിതനായി മത്സരത്തിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചു കയറ്റി രാഷ്ട്രീയ നേതാവ്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. മുംബൈയിൽ നിന്ന് 400 കിലോമീറ്ററിലധികം ദൂരം അകലെയുള്ള ധരൻഗാവിലെ എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെയായിരുന്നു ഈ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഏപ്രിൽ 12-നാണ് സംഭവം ഉണ്ടായതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
ധരൻഗാവ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റാണ് പരിപാടിയിലേക്ക് സംഘാടകർ തന്നെ ക്രിക്കറ്റ് മത്സരം കാണാൻ ക്ഷണിക്കാത്തതിന്റെ ദേഷ്യത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചുകയറ്റിത്. ഒരാൾ ട്രാക്ടർ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുന്നതും പിച്ച് ഉഴുത് മറിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. പെട്ടെന്ന് അരങ്ങേറിയ അസാധാരണ സംഭവത്തിൽ മാച്ച് സംഘാടകരും കാണികളും അമ്പരന്നുപോയി.
സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നതായി സംഘാടകർ അറിയിച്ചു. എന്നാൽ മത്സരത്തിന് അനുയോജ്യമല്ലാത്ത വിധം പിച്ച് നശിപ്പിക്കപ്പെട്ടതിനാൽ കളി ഉപേക്ഷിച്ചതായും സംഘാടകർ കൂട്ടിച്ചേർത്തു. ഒപ്പം വിഷയം വഷളാക്കേണ്ടെന്ന് തീരുമാനിച്ചതിനാൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
Content highlight: Local political leader drives tractor on cricket pitch after not being invited