തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, ടീമിലെചില താരങ്ങൾക്കെതിരെ പരിഹാസവുമായി മുൻ ഇന്ത്യൻ നായകനപം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ടീമിലെ സീനിയർ പേസർമാരായ ഷാർദ്ദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെയാണ് തന്റെ യുട്യൂബ് ചാനലില്‍ ശ്രീകാന്ത് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ മുംബൈയുടെ തീരുമാനത്തെ ശ്രീകാന്ത് പ്രശംസിച്ചു.
'ഭാഗ്യം, മുംബൈയുടെ സീനിയര്‍ താരങ്ങളായ ഷാർദ്ദുലിനെയും ദീപക് ചാഹറിനെയും ഗ്രൗണ്ടിലിറക്കാതെ ഡ്രസ്സിംഗ് റൂമില്‍ തന്നെ ഇരുത്തിയതിന് ദൈവത്തിന് നന്ദി. നിങ്ങൾ രണ്ടുപേരും ആ ഇരിക്കുന്ന സീറ്റിൽ തന്നെ ഇരുന്നാൽ മതി, ഇനി അങ്ങോട്ട് പുറത്തിറങ്ങരുത്' എന്നാകും ഇപ്പോൾ മുംബൈ മാനേജ്മെന്റ് അവരോട് പറയുന്നുണ്ടാകുകയെന്നും ശ്രീകാന്ത് പറഞ്ഞു.
ഷാര്‍ദ്ദുലും ചാഹറും പുറത്തിരുന്ന മത്സരത്തില്‍ മുംബൈയുടെ യുവ ബൗളർമാർ കാഴ്ചവെച്ച അച്ചടക്കത്തെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. ഈ സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി 24 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിന്റെ നടുവൊടിച്ചു, ശ്രീകാന്ത് കൂട്ടിച്ചേർത്തു.
99 റൺസിന്റെ മിന്നും ജയമാണ് ഗുജറാത്തിനെതിരെ മുംബൈ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ ഗുജറാത്തിന് 15.5 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമേ നേടാനായുള്ളൂ.
ഈ കൂറ്റൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്കായി. യുവതാരങ്ങളുടെ കരുത്തിൽ മുംബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content highlights: