ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണില്‍ തന്റെ മോശം ബാറ്റിംഗ് ഫോം തുടരുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ റിയാന്‍ പരാഗ്. എന്നാൽ, ഇപ്പോൾ താരത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ്. 'റിയാൻ പരാഗ് വൈകാതെ ഫോമിലേക്ക് തിരിച്ചെത്തും, ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിക്കും', ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ആർആർ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് വ്യക്തമാക്കി.
'എന്നെ സംബന്ധിച്ചിടത്തോളം ഇത് സമയത്തിന്റെ പ്രശ്നം മാത്രമാണ്. എല്ലാ താരങ്ങൾക്കും എല്ലാ മത്സരങ്ങളിലും റണ്‍സ് നേടാനാകണമെന്നില്ല. ടീമില്‍ ചില താരങ്ങൾ ഫോമിലാകുമ്പോള് മറ്റു ചിലര്‍ക്ക് ഫോംഔട്ട് ആകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ പരാഗ് കരുത്തോടെ തിരിച്ചുവരുമെന്നതില്‍ സംശയമില്ല', മത്സരശേഷം പരാഗിനെ കുറിച്ച് റാത്തോഡ് പറഞ്ഞുവെച്ചു. മാത്രമല്ല, പരിക്കിന് ശേഷമാണ് പരാഗ് ടീമിലെത്തിയത് എന്നതും ഐപിഎല്ലിന് മുന്‍പ് മതിയായ മത്സരപരിചയം ലഭിച്ചില്ല എന്നതും ഫോമിനെ ബാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ രാജസ്ഥാന് റോയല്‍സ് മികച്ച രീതിയിലാണ് നിലവിൽ മുന്നേറുന്നതെങ്കിലും പരാഗിന്റെ വ്യക്തിഗത പ്രകടനം നിരാശ നൽകുന്നതാണ്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 61 റണ്‍സ് മാത്രമാണ് ആർആർ നായകന്റെ സമ്പാദ്യം. 122 സ്ട്രൈക്ക് റേറ്റിലുള്ള ഈ പ്രകടനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 20 റണ്‍സ് മാത്രമാണ്. ഇതിന് പുറമെ പരാഗിന്റെ നായകത്വത്തെയും ബൗളിംഗ് മാറ്റങ്ങളെയും ചോദ്യം ചെയ്ത് മുന്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് കൃഷ്ണമാചാരി ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Content highlight: RR management supports their captain Riyan Parag