കിവീസിനെ എറിഞ്ഞുവീഴ്ത്തി നാഹിദ് റാണ

രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ കംബാക്ക്!

ധാക്കയിലെ ഒന്നാം ഏകദിനക്രിക്കറ്റിലെ തോല്‍വിക്ക് പകരംവീട്ടി ബംഗ്ലാദേശ്. കടുവകള്‍ അവരുടെ ശൗര്യം കാണിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ആറുവിക്കറ്റിന്റെ ഗംഭീര ജയം. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 48.4 ഓവറില്‍ 198 റണ്‍സിന് പുറത്തായിരുന്നു. 87 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ബംഗ്ലാദേശിന്റെ ജയം.

ഫാസ്റ്റ് ബൗളര്‍ നാഹിദ് റാണയുടെ അഞ്ചുവിക്കറ്റ് നേട്ടമാണ് കിവീസിന് വിനയായത്. പത്ത് ഓവറില്‍ വെറും 32 റണ്‍സ് വഴങ്ങിയാണ് നാഹിദ് റാണയുടെ നേട്ടം. ഏകദിന ക്രിക്കറ്റില്‍ നാഹിദ് റാണയുടെ രണ്ടാം അഞ്ചുവിക്കറ്റ് നേട്ടമാണിത്. മാര്‍ച്ചില്‍ മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെതിരേ അഞ്ചുവിക്കറ്റ് നേടിയിരുന്നു. അന്ന്, വഴങ്ങിയതാകട്ടെ വെറും 24 റണ്‍സ്. എറിഞ്ഞത് ഏഴോവര്‍ മാത്രം.

ഓപ്പണര്‍ നിക്ക് കെല്ലിയുടെ ബാറ്റിങ് മികവിലാണ് കിവീസ് ബാറ്റിങ്ങിന് തുടക്കമിട്ടത്. മറ്റൊരു ഓപ്പണര്‍ ഹെന്റി നിക്കോളാസ് നിരാശപ്പെടുത്തിയെങ്കിലും കെല്ലിയുടെ ചെറുത്തുനില്‍പ്പ് ടീം സ്‌കോര്‍ 145ലെത്തുംവരെ തുടര്‍ന്നു. പവര്‍പ്ലേയില്‍ വെറും 28 റണ്‍സ് മാത്രമാണ് കിവീസിന്റെ സമ്പാദ്യം. പവര്‍പ്ലേയിലെ ഇടിവ് നികത്താന്‍ കിവീസിന്റെ മിഡില്‍ഓവറുകളിലെ പ്രകടനങ്ങള്‍ക്കുമായില്ല. ന്യൂസീലന്‍ഡിന്‌റെ ഇന്നിങ്‌സില്‍ ഒരൊറ്റ സിക്‌സറുപോലുമുണ്ടായില്ല. കെല്ലിക്ക് പുറമെ മറ്റാരും കാര്യമായി പൊരുതാത്തതാണ് കിവീസിന് വിനയായത്. ക്യാപ്റ്റന്‍ ടോം ലാഥം പതിന്നാലും മുഹമ്മദ് അബ്ബാസ് (19), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (15), നതാന്‍ സ്മിത്ത് (18), ബ്ലയര്‍ ടിക്‌നര്‍ (12) എന്നിവര്‍ കാര്യമായ സംഭവന ചെയ്യാതെ പുറത്തായി. വില്‍ യങ്ങും ജോഷ് ക്ലാര്‍ക്‌സനും രണ്ടക്കം കാണാതെയാണ് മടങ്ങിയത്. ഹെന്റി നിക്കോളാസ്, വില്‍ യങ്, മുഹമ്മദ് അബ്ബാസ്, ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ്, ജയ്ഡന്‍ ലെനോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് നാഹിദ് റാണ നേടിയത്.ന്യൂസീലന്‍ഡ് ബാറ്റിങ് നിരയെ ശക്തമായി പ്രതിരോധിച്ചാണ് ബംഗ്ലാദേശ് പന്തെറിഞ്ഞത്. ഷരീഫുല്‍ ഇസ്ലാമും മെഹ്ദി ഹസന്‍ മിറാസും റണ്ണൊഴുക്കിനെ തടഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചെങ്കിലും പതിയെ ബാറ്റിങ് താളം വീണ്ടെടുത്തു. ഓപ്പണര്‍ സെയ്ഫ് ഹസന്‍ എട്ടുറണ്‍സെടുത്താണ് പുറത്തായത്. ടന്‍സിദ് ഹസന്‍ 58 പന്തില്‍ 76 റണ്‍സെടുത്തത് ടീമിന് നേട്ടമായി. നാലുസിക്‌സും പത്ത് ഫോറും ഇന്നിങ്‌സിന് സൗന്ദര്യമേകി. സൗമ്യ സര്‍ക്കാര്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും നിരാശപ്പെടുത്തി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ അര്‍ധ സെഞ്ചുറി നേട്ടവും ടീമിന് മുതല്‍ക്കൂട്ടായി. ലിട്ടണ്‍ ദാസ് ഏഴ് റണ്‍സ് മാത്രമാണെടുത്തത്. തൗഹീദ് ഹൃദ്യോയിയും (30) മെഹ്ദി ഹസന്‍ മിറാസും (എട്ട്) പുറത്താകാതെ നിന്നു. വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന ഏകദിനം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ന്യൂസീലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലുണ്ട്.

content highlight : Nahid Rana demolishes the Kiwis

To advertise here,contact us