ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിൽ സിഎസ്കെ 10 റണ്‍സിന് എസ്ആർഎച്ചിനോട് പരാജയപ്പെട്ടപ്പോൾ കളിയിൽ നിര്‍ണായകമായത് ശിവം ദുബെയുടെ വിക്കറ്റ് തന്നെയായിരുന്നു. എന്നാല്‍ സിഎസ്കെ താരം ശിവം ദുബെ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽ ഒരു ഹൈദരാബാദ് ആരാധകൻ നടത്തിയ വിചിത്രമായ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരെ ആകെ അമ്പപ്പിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ്, 17-ാം ഓവർ എറിയാൻ തയ്യാറെടുക്കുന്ന സാക്കിബ് ഹുസൈൻ. ആ സമയം കാമറകണ്ണുകൾ ഗാലറിയിലെ ഒരു ദൃശ്യം ഒപ്പിയെടുത്തു. ഒരു ഹൈദരാബാദ് ആരാധകൻ തന്റെ കയ്യിൽ ഒരു ചെറുനാരങ്ങയും പിടിച്ച് ആംഗ്യങ്ങൾ കാണിക്കുന്നതും എന്തോക്കെയോ ചൊല്ലുന്നതുമാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാൽ, അമ്പരപ്പിച്ച കാര്യം എന്ന് പറയുന്നത് സാക്കിബ് ഹുസൈന്റെ തൊട്ടടുത്ത പന്തിൽ തന്നെ ദുബെയുടെ കുറ്റി തെറിക്കുന്നതാണ്. ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് നിന്ന ദുബെയെ ഞെട്ടിച്ച് ഫുള്‍ ലെങ്ത് ബോളെറിഞ്ഞാണ് സാക്കിബ് ഹുസൈന് താരത്തിന്റെ വിക്കറ്റെടുത്തത്. വിക്കറ്റ് വീണതിന് പിന്നാലെ ആരാധകൻ തന്റെ കൂടോത്രം ഫലിച്ചതില്‍ തുള്ളിച്ചാടുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതിനിടയിൽ ദുബെയുടെ കുറ്റി തെറിച്ചത് സാക്കിബിന്റെ ബൗളിംഗ് മികവ് കൊണ്ടല്ല, മറിച്ച് ആ 'നാരങ്ങ കൂടോത്ര'ത്തിലാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ചിരിയുടെ പൂരം തന്നെയാണ് ഉയർത്തിയിരിക്കുന്നത്.
Content highlight: It wasn't Shakib's bowling brilliance that cleaned up Dube, but something else…