ബുംറയ്ക്ക് എന്തുകൊണ്ട് വിക്കറ്റുകൾ എടുക്കാൻ സാധിക്കുന്നില്ല? കാരണം ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

ബുംറയ്ക്ക് ഈ സീസണില്‍ ഇതുവരെ വിക്കറ്റുകൾ സ്വന്തമാക്കാനായിട്ടില്ല

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിൽ ആരാധകരെ ഏറ്റവും ആശങ്കയിലാഴ്ത്തുന്ന പ്രകടനമാണ് മുംബൈയുടെ പേസർ ജസ്പ്രീത് ബുംറ കാഴ്ച വെക്കുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറായി കണക്കാക്കപ്പെടുന്ന ബുംറയ്ക്ക് ഈ സീസണില്‍ ഇതുവരെ വിക്കറ്റുകൾ സ്വന്തമാക്കാനായിട്ടില്ല. തുടർച്ചയായ അഞ്ചാം മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാവാതെ ബുംറ മടങ്ങിയത് അമ്പരപ്പോടെയാണ് ആരാധകർ നോക്കിക്കണ്ടത്.

19 ഓവറില്‍ 8.63 ഇക്കോണമി റേറ്റില്‍ 164 റണ്‍സാണ് താരം വഴങ്ങിയത്. എന്താണ് ബുംറയ്ക്ക് സംഭവിച്ചത്. എങ്ങനെയാണ് ഇത്രയും പരാജയപ്പെട്ടത്? എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍.

ബുംറ സ്ലോ ബോളുകൾ അമിതമായി എറിയരുതെന്നാണ് പത്താന്റെ നിർദേശം. 'ബുംറയുടെ ബോളിംഗിൽ നിന്ന് വിക്കറ്റുകൾ വീഴേണ്ടത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല, പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന്റെ ശരാശരി വേഗത ഏകദേശം 130 കിലോമീറ്ററാണ്. അദ്ദേഹം തന്റെ പന്തുകളിൽ 44 ശതമാനവും സ്ലോവർ ബോളുകളാണ് ഉപയോഗിക്കുന്നത്, അതായത് ഏകദേശം ഓരോ രണ്ടാമത്തെ പന്തും ഒരു സ്ലോവർ ബോൾ ആണ്. ബുംറ കൂടുതൽ വേഗതയേറിയ പന്തുകൾ എറിയുകയും സ്ലോവർ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താൽ ഫലം ലഭിക്കും. ബുംറയ്ക്ക് പരിശീലനത്തിന്റെ ആവശ്യമില്ല', പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Content Highlights: Irfan Pathan reveals reason behind Jasprit Bumrah's wicket-less IPL 2026 campaign

To advertise here,contact us