രോഹിത് ശർമ ഉടൻ തിരിച്ചെത്തില്ല; പരിക്ക് സാരമെന്ന് ഹാർദിക് പാണ്ഡ്യ

രോഹിത് ശർമയ്ക്ക് ഐപിഎല്ലിലെ അടുത്ത ഏതാനും മത്സരങ്ങള്‍ കൂടി നഷ്ടമാകും

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തിരുന്ന രോഹിത് ശർമയ്ക്ക് ഐപിഎല്ലിലെ അടുത്ത ഏതാനും മത്സരങ്ങള്‍ കൂടി നഷ്ടമാകും. വ്യാഴാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന്റെ ടോസ് വേളയില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്. അന്ന് 13 പന്തില്‍ 19 റണ്‍സെടുത്തു നില്‍ക്കെ താരം പരിക്കിനെത്തുടര്‍ന്ന് കളം വിട്ടിരുന്നു. ഇന്നത്തെ മത്സരത്തിന് മുമ്പ് അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

താരം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ കുറച്ചു ദിവസം കൂടി വിശ്രമം ആവശ്യമാണെന്ന് ഹാര്‍ദിക് വ്യക്തമാക്കി.

രോഹിത്തിന് പുറമെ മിച്ചല്‍ സാന്റ്‌നറും നിലവില്‍ മുംബൈ ടീമിന് ലഭ്യമല്ല.

അതേസമയം ക്വിന്റണ്‍ ഡി കോക്ക് ടീമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് ആശ്വാസകരമാണ്.

ടൂര്‍ണമെന്റ് നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രോഹിത്തിന്റെ അഭാവം മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ വെല്ലുവിളിയാണ്. ആദ്യ മത്സരം ജയിച്ച് പിന്നീട് തുടർച്ചയായ നാല് മത്സരവും തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights: rohit sharma injury update hardik pandya statement

To advertise here,contact us