ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അന്വേഷണം. ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടന്ന ടൂർണമെന്റിൽ കിവീസിനെതിരായ കാനഡയുടെ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്.
മത്സരത്തിലെ കനേഡിയൻ താരത്തിന്റെ ഒരു ഓവർ സംശയാസ്പദമാണെന്നാണ് വിവരം. വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഐസിസി.
അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നത്. കറപ്ഷൻ, ക്രൈം ആന്റ് ക്രിക്കറ്റ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററി പ്രകാരം കിവീസിനെതിരായ മത്സരത്തിൽ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ എറിഞ്ഞ അഞ്ചാം ഓവർ സംശയാസ്പദമാണ്.
ഈ ആരോപണങ്ങളിലും മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ ശബ്ദരേഖയിലും ഐസിസി കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് തയ്യാറായിട്ടില്ല.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കാനഡ ന്യൂസിലൻഡിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡാകട്ടെ നാലോവറിൽ 35-2 എന്ന നിലയിലായിരുന്നു. അഞ്ചാം ഓവറിൽ ബജ്വ 15 റൺസാണ് വഴങ്ങിയത്.
താരം എറിഞ്ഞ ആദ്യ പന്ത് തന്നെ നോബോളായിരുന്നു. പിന്നീട് കിവീസ് രണ്ട് റൺസും ഒരു റൺസും നേടി. ശേഷം രണ്ട് വൈഡ് ബോളുകളാണ് ബജ്വ എറിഞ്ഞത്. ശേഷിക്കുന്ന പന്തുകളിൽ രണ്ട് ഫോറുകളടക്കം കിവീസ് 9 റൺസ് അടിച്ചെടുത്തതോടെ ടീം സ്കോർ 50 ലെത്തി. ഈ ഓവറാണ് സംശയത്തിന് വഴിവെച്ചത്.
Content highlights: icc investigates canada captain dilpreet bajwa for spot fixing t20 world cup