ധോണി മടങ്ങി വരുന്നു! മുംബൈക്കെതിരെയുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേക്കും

ഐപിഎല്ലിന്റെ പുതിയ സീസണിൽ പരിക്ക് പറ്റിയതിനെ തുടർന്ന് വിട്ടുനിന്ന മുൻ നായകൻ എംഎസ് ധോണി ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു

ഐപിഎല്ലിന്റെ പുതിയ സീസണിൽ പരിക്ക് പറ്റിയതിനെ തുടർന്ന് വിട്ടുനിന്ന മുൻ നായകൻ എംഎസ് ധോണി ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 23ന് വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിലാകും ധോണി തിരിച്ചെത്തുകയെന്നാണ് സിഎസ്കെ വൃത്തങ്ങൾ നൽകുന്ന സൂചന. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനിടെയാണ് ധോണിക്ക് തന്റെ കാലിന് പരിക്കേറ്റത്. നിലവിൽ താരം കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

കാലിലെ പേശി വലിവിനെ തുടർന്ന് താരം രണ്ട് ആഴച്ചയോളം വിശ്രമത്തിലായിരിക്കുമെന്ന് ചെന്നൈ തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ താരം പരിക്കിന്റെ അസ്വസ്ഥതകളില്ലാതെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചതായി ടീം മാനേജ്‌മന്റ് അറിയിച്ചു. ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയുടെ മേൽനോട്ടത്തിലാണ് ധോണി തന്റെ പരിശീലനം ആരംഭിച്ചുരിക്കുന്നത്. പരിക്ക് പറ്റിയതോടെ ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സംസനാണ് നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പർ.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരവും സ്ഥിരതയാർന്നതുമായ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായി അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. എന്നാൽ നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് സിഎസ്കെ. കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ടീമിൽ ബാറ്റിങ് കരുത്ത് കുറവായതിനാൽ ധോണിയുടെ വരവ് സിഎസ്കെയ്ക്ക് ഗുണം ചെയ്യും. ഫോമിലുള്ള സർഫറാസ് ഖാന് പകരക്കാരനായോ അല്ലെങ്കിൽ 'ഇംപാക്ട് പ്ലെയർ' ആയോ ധോണി കളത്തിലിറങ്ങാനാണ് കൂടുതൽ സാധ്യത.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ചെന്നൈയുടെ അടുത്ത മത്സരത്തിൽ ധോണി ടീമിനൊപ്പം യാത്ര ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി ധോണി സ്പിന്നർ നൂർ അഹമ്മദുമായി ദീർഘനേരം സംസാരിച്ചിരുന്നു. ഇത് ടീമിലെ യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയതായി ബൗളിങ് കോച്ച് ശ്രീധരൻ ശ്രീറാം പറഞ്ഞു. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവസാന രണ്ട് മത്സരങ്ങൾ വിജയിച്ച് ആത്മവിശ്വാസത്തിൽ നിൽക്കുന്ന ഋതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ധോണിയുടെ സാന്നിധ്യം വലിയ കരുത്താകും.

Content highlight: M S Dhoni returm CSK squad MI match

To advertise here,contact us