ഇതൊക്കെയെന്ത്!; ലഖ്‌നൗ ടോട്ടൽ അനായാസം മറികടന്ന് ആർസിബി; പോയിന്റ് പട്ടികയിൽ തലപ്പത്ത്

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ മിന്നും ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ മിന്നും ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗ 20 ഓവറിൽ മുന്നോട്ടുവെച്ച ലക്ഷ്യം 29 പന്തുകൾ ബാക്കി നിൽക്കെ ആർസിബി മറികടന്നു.

34 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 49 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ആർസിബിയുടെ ടോപ് സ്കോർ. ഫിഫ്റ്റിക്ക് ഒരു റൺസ് മാത്രം അകലെ ആവേശ് ഖാന്റെ പന്തിൽ നിക്കോളാസ് പൂരന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ക്യാപ്റ്റൻ രജത് പാട്ടീദാർ 27 റൺസും ജിതേഷ് ശർമ 23 റൺസും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും പുറത്താകാതെ 14 റൺസ് വീതം നേടി. ലഖ്‌നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി. നാലോവറിൽ 24 റൺസിന് നാല് വിക്കറ്റെടുത്ത റാസിഖ് സലാമും നാലോവറിൽ 27 റൺസിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ലഖ്‌നൗവിനെ തകർത്തത്. ലഖ്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് 40 റൺസും ആയുഷ് ബദോനി 38 റൺസും മുകുൾ ചൗധരി 39 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.

നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റും +1 .503 നെറ്റ് റൺ റേറ്റുമായി ആർസിബിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റും +0 .809 നെറ്റ് റൺ റേറ്റുമായി രാജസ്ഥാൻ റോയൽസ് രണ്ടാമതാണ്. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള പഞ്ചാബ് കിങ്‌സ് മൂന്നാമതാണ്.

Content Highlights: ipl-2026-rcb-vs-lsg-match-report-bangalore-top-points-table-malayalam

To advertise here,contact us