ബംഗ്ലാദേശ് ക്രിക്കറ്റിൽ നാടകീയ നീക്കം; അമിനുൽ ഇസ്‌ലാമിനെ പുറത്താക്കി; തമീം ഇഖ്‌ബാൽ പുതിയ BCB പ്രസിഡന്റ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ അപ്രതീക്ഷിത അഴിച്ചുപണി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ അപ്രതീക്ഷിത അഴിച്ചുപണി. അമിനുൽ ഇസ്‌ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട സർക്കാർ മുൻ താരം തമീം ഇക്ബാലിനെ പുതിയ പ്രസിഡന്റായി നിയമിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബിസിബി തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതിയുടെ ശുപാർശയെത്തുടർന്നാണ് ഈ സുപ്രധാന തീരുമാനം.

തന്റെ 37-ാം വയസ്സിൽ ബിസിബി തലപ്പത്തെത്തുന്ന തമീം ഇക്ബാൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. തമീമിന്റെ നേതൃത്വത്തിൽ 11 അംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഇനി ബോർഡിന്റെ ഭരണച്ചുമതല.

മുൻ ക്യാപ്റ്റൻ മിൻഹാജുൽ ആബേദിൻ, മുൻ താരം അതാർ അലി ഖാൻ തുടങ്ങിയ പ്രമുഖരും ഈ സമിതിയിലുണ്ട്. നിലവിലെ ബോർഡ് പിരിച്ചുവിട്ട കാര്യം ഐസിസിയെ ഔദ്യോഗികമായി അറിയിച്ചതായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഈ തീരുമാനത്തെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള അഴിമതിയും അധികാര ദുർവിനിയോഗവും നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കാത്തതും ബോർഡിനുള്ളിലെ രാഷ്ട്രീയ ഇടപെടലുകളും സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. സ്ഥാനമൊഴിയാൻ അമിനുൽ ഇസ്‌ലാം വിസമ്മതിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോർഡ് പിരിച്ചുവിടാൻ സർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയ ഇടപെടലുകളും പക്ഷപാതപരമായ നിലപാടുകളും ബോർഡിന്റെ പ്രവർത്തനത്തെ ബാധിച്ചതായും ഇത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയതായും കായിക മന്ത്രാലയം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Content highlights: tamim iqbal appointed bcb president aminul islam sacked bangladesh cricket updates

To advertise here,contact us