ചെന്നൈ മെച്ചപ്പെടുമെന്ന് കരുതി, പക്ഷേ മാറാൻ അവർ തന്നെ തയ്യാറല്ല'; വിമർശനവുമായി ആർ അശ്വിൻ

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനൊപ്പമുണ്ടായിരുന്ന അശ്വിന്‍ താന്‍ നേരിട്ട മാനസിക വിഷമങ്ങളെക്കുറിച്ച് വൈകാരികമായും പറയുന്നുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ തുടർതോൽവികളാൽ വലയുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിം​ഗ്സ്. തുടർച്ചയായ മൂന്ന് മത്സരത്തിലും വലിയ തോൽവികളാണ് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 43 റൺസിന് പരാജയപ്പെട്ട സിഎസ്കെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുമാണ്.

ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വഴങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ മനസ് തുറന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനൊപ്പമുണ്ടായിരുന്ന അശ്വിന്‍ താന്‍ നേരിട്ട മാനസിക വിഷമങ്ങളെക്കുറിച്ച് വൈകാരികമായും പറയുന്നുണ്ട്.

2025 സീസണ്‍ അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ചെന്നൈ ടീമിനൊപ്പം എനിക്ക് വ്യക്തിപരമായും അല്ലാതെയും വലിയ നിരാശയാണ് സമ്മാനിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് ഇനിയും കളിക്കാനുള്ള കഴിവുണ്ടായിരുന്നു.

എന്നാല്‍ മാനസികമായി ഞാന്‍ തകര്‍ന്നുപോയി. ആ വേദനയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല, അത് അത്രമേല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.' അശ്വിന്‍ പറഞ്ഞു.

'ചെന്നൈയില്‍ തുടങ്ങി ചെന്നൈയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാം എന്ന് കരുതിയാണ് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഞാന്‍ സ്വയം മാറിനിന്നാല്‍ മാനേജ്മെന്റിന് എന്നെ ഒഴിവാക്കണോ വേണ്ടയോ എന്ന തലവേദന ഉണ്ടാകില്ലല്ലോ എന്ന് കരുതി. ഞാന്‍ പോകുന്നതിലൂടെ അവര്‍ക്ക് 10 കോടി രൂപ ലാഭിക്കുകയും ചെയ്യാം. എങ്കിലും എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു, ഇപ്പോഴും ആ നിരാശ ബാക്കിയുണ്ട്.' അശ്വിന്‍ പറഞ്ഞു.

ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ചെന്നൈ മെച്ചപ്പെടുമെന്ന് താന്‍ കരുതിയിരുന്നതായി അശ്വിന്‍ പറഞ്ഞു. എന്നാല്‍ ആര്‍സിബി ഉയര്‍ത്തിയ 250 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരു ചെന്നൈക്കെതിരെ നേടിയത്. 2026 സീസണിന് മുന്നോടിയായി വലിയ തുക മുടക്കി യുവതാരങ്ങളായ കാര്‍ത്തിക് ശര്‍മ്മയെയും പ്രശാന്ത് വീറിനെയും (രണ്ടുപേര്‍ക്കും കൂടി ഏകദേശം 28 കോടി രൂപ) ടീമിലെത്തിച്ച ചെന്നൈയുടെ തന്ത്രം ഇതുവരെ വിജയിച്ചിട്ടില്ല.

Content Highlights: r ashwin criticizes csk management performance

To advertise here,contact us