റിഷഭ് പന്തിന് അര്‍ധ സെഞ്ച്വറി; ഹൈദരാബാദിനെ വീഴ്ത്തി ലഖ്‌നൗവിന് ആദ്യവിജയം

ഹൈദരാബാദിന്റെ മൂന്ന് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണിത്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ‌സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് ലഖ്നൗ തോല്‍പ്പിച്ചത്. സണ്‍റൈസേഴ്സ് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് അടിച്ചാണ് ലഖ്‌നൗ വിജയിച്ചത്. ഹൈദരാബാദിന്റെ മൂന്ന് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണിത്.

അര്‍ധ സെസെഞ്ച്വറി നേടിയ റിഷഭ് പന്തും 27 പന്തില്‍ 45 റണ്‍സ് നേടിയ ഐഡന്‍ മാര്‍ക്രമുമാണ് ലഖ്‌നൗവിന്റെ വിജയം അനായാസമാക്കിയത്. മൂന്നാം സ്ഥാനത്തു ബാറ്റിങിനെത്തിയ പന്ത് 50 പന്തില്‍ 9 ഫോറുകള്‍ സഹിതം 68 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. പുറത്താകാതെ നിന്ന പന്ത് ജയദേവ് ഉനത്കട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളും അഞ്ചാം പന്തും ഫോറടിച്ച് 12 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ ജയത്തിലെത്തിച്ചത്.

41 പന്തില്‍ 62 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനും, 33 പന്തില്‍ 56 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സണ്‍റൈസേഴ്‌സിനെ സഹായിച്ചത്. നാലിന് 26 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ഇരുവരും സണ്‍റൈസേഴ്‌സിനെ രക്ഷിച്ചത്.

Content Highlights: IPL 2026, SRH vs LSG: Rishabh Pant fifty guides Lucknow Super Giants to win by 5 wickets

To advertise here,contact us