ഒറ്റ ഓവറില്‍ കളി തിരിച്ച രാജസ്ഥാന്റെ 'രാജതന്ത്രം'! ക്രെഡിറ്റ് ജുറേലിനുള്ളതെന്ന് പരാഗ്‌

ഗുജറാത്ത് ടൈറ്റൻസിനെതിരായ 20–ാം ഓവർ തുഷാർ ദേശ്പാണ്ഡെയ്ക്കാണ് പരാഗ് നൽകിയത്

ഇന്ത്യൻ‍ പ്രീമിയർ ലീ​ഗിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അത്യധികം ആവേശവിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആറു റൺസിന് ​ടൈറ്റൻസിനെ വീഴ്ത്തിയ രാജസ്ഥാൻ തുടർച്ചയായ രണ്ടാം വിജയം നേടിയെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 210 റൺസെടുത്തപ്പോൾ, ചേസിങ്ങില്‍ ഗുജറാത്തിന് അവസാന 12 പന്തുകളിൽ വേണ്ടത് 15 റൺസായിരുന്നു. ഗുജറാത്ത് അനായാസ വിജയത്തിലേക്ക് അടുക്കവേ, രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഒരു തന്ത്രമാണ് കളിയുടെ ഗതി തന്നെ മാറ്റിവിട്ടത്. 20–ാം ഓവർ എറിയാനിരുന്ന ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ 19–ാം ഓവർ എറിയാൻ നിയോഗിച്ചു. ശേഷം 20–ാം ഓവർ ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയ്ക്കാണ് പരാഗ് നൽകിയത്. ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്കു സമാനമായി തകർത്തെറിഞ്ഞ ഇരുവരും മത്സരം പിടിച്ചെടുക്കുകയായിരുന്നു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തീലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ ഒന്ന് പരുങ്ങിയെങ്കിലും റാഷിദ് ഖാനും കഗിസോ റബാഡയും ചേര്‍ന്ന് അവസാന ഓവറുകളില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. മത്സരം ഗുജറാത്തിന്റെ കൈകളിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറാണ് മത്സരഫലം മാറ്റിമറിച്ചത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായ ഈ തീരുമാനമെടുത്തതെന്നാണ് മത്സരശേഷം റോയൽസ് ക്യാപ്റ്റൻ റിയാൻ പരാ​ഗ് വെളിപ്പെടുത്തിയത്.

19-ാം ഓവര്‍ രാജസ്ഥാന്‍ നായകനായ റിയാന്‍ പരാഗ് തന്നെ എറിയാനായിരുന്നു നീക്കം. എന്നാല്‍ പിച്ചിന്റെ സ്വഭാവവും ബാറ്റര്‍മാരുടെ നീക്കങ്ങളും നിരീക്ഷിച്ച ജുറേല്‍ പരാഗിനോട് പന്ത് ആര്‍ച്ചറിന് കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാറ്റം മത്സരഫലത്തെ തന്നെ മാറ്റിക്കുറിച്ചു. പത്തൊമ്പതാം ഓവറില്‍ വെറും 4 റണ്‍സ് മാത്രമാണ് ആര്‍ച്ചര്‍ വഴങ്ങിയത്. അവസാന ഓവര്‍ തുഷാര്‍ ദേശ്പാണ്ഡെ ഭംഗിയായി പന്തെറിയുകയും ചെയ്തതോടെ മത്സരം രാജസ്ഥാന്‍ കൈപ്പിടിയിലൊതുക്കി.

ഗുജറാത്തിന് വേണ്ടി സായ് സുദര്‍ശന്‍ (73) പൊരുതിയെങ്കിലും മധ്യനിര തകര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി. അവസാന നിമിഷം റാഷിദ് ഖാനും (24), കാഗിസോ റബാഡയും (23*) ചേര്‍ന്ന് വിജയത്തിനായി ശ്രമിച്ചെങ്കിലും രാജസ്ഥാന്റെ കരുത്തുറ്റ ബോളിംഗിന് മുന്നില്‍ അവര്‍ക്ക് കീഴടങ്ങേണ്ടി വരികയായിരുന്നു. തുടര്‍ച്ചയായുള്ള രണ്ട് വിജയങ്ങളോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.

Content Highlights: IPL 2026, RR vs GT: Riyan Parag Give Credit To Dhruv Jurel Reveals Last Over Bowling Change Is Not His Idea

To advertise here,contact us