'ഗ്രീൻ എന്തുകൊണ്ട് പന്തെറിഞ്ഞില്ല?'; ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കണമെന്ന് രഹാനെ

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മുംബൈയ്ക്കെതിരായ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം പരാജയം വഴങ്ങിയതിൽ പ്രതികരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ലേലത്തിൽ‌ 25.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മുംബൈയ്ക്കെതിരായ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. കൊല്‍ക്കത്ത പരാജയം വഴങ്ങിയതിന് പിന്നാലെ ഗ്രീൻ എന്തുകൊണ്ടാണ് പന്തെറിയാതിരുന്നതെന്ന ആശങ്ക ആരാധകർ ഉയർത്തുകയും ചെയ്തു.

ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. 'ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്', കമന്റേറ്ററുടെ ചോദ്യത്തിന് രഹാനെ മറുപടി പറഞ്ഞു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ പന്തെറിയുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ക്രിക്കറ്റ് ഓസ്ട്രേലിയയും അടുത്തവൃത്തങ്ങൾ ഇതുസംബന്ധിച്ച പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

'കാമറൂൺ ഗ്രീനിന് ലോവർ ബാക്ക് പരിക്കുണ്ട്. അതിനുള്ള ചികിത്സയും പുരോ​ഗമിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെങ്കിൽ പോലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ട സാഹചര്യമുണ്ട്, ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ കൊൽക്കത്തയെ മുൻപേ അറിയിച്ചിരുന്നു', ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് വ്യക്തമാക്കി.

Content Highlights: ipl 2026: Ajinkya Rahane reacts to being asked why Cameron Green didn’t bowl against MI

To advertise here,contact us