അത് ഔട്ടാണോ?; ക്ലാസനെ പുറത്താക്കിയ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം; വീഡിയോ

ക്ലാസൻ നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ നിന്ന് അതി സാഹസികമായി ആണ് ഫിൽ സാൾട്ട് കൈയ്യിൽ ഒതുക്കിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ് ആർസിബിയുടെ വിജയം.

സൺറൈസേഴ്‌സിന് വേണ്ടി ഇഷാൻ കിഷൻ 80 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 31 റൺസും അനികേത് വർമ 41 റൺസും നേടി. ഇതിൽ ഇഷാൻ, ക്ലാസൻ എന്നിവരുടെ അടക്കം മൂന്ന് ക്യാച്ചുകൾ നേടിയ ഫിൽ സാൾട്ട് മിന്നിച്ചു. ഇതിൽ പക്ഷെ ക്ളാസന്റെ ക്യാച്ച് ഇപ്പോൾ വിവാദമായിരിക്കുകയാണ്.

ക്ലാസൻ നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ നിന്ന് അതി സാഹസികമായി ആണ് ഫിൽ സാൾട്ട് കൈയ്യിൽ ഒതുക്കിയത്. എന്നാൽ ഈ ക്യാച്ച് എടുക്കുന്ന സമയം സാൾട്ടിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഉയർത്തുന്ന സംശയം.

സംഭവത്തിൽ ഫീൽഡ് അമ്പയർക്ക് സംശയം തോന്നിയതോടെ തീരുമാനം എടുക്കാൻ തേർഡ് അമ്പയറുടെ സഹായം തേടിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഫിൽ സാൾട്ടിന്റെ ശരീരഭാഗങ്ങൾ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നില്ല എന്ന് കണ്ടെത്തുകയും ക്ലാസൻ ഔട്ട് ആയി എന്ന് വിധിക്കുകയും ചെയ്തു.

എന്നാൽ തേർഡ് അമ്പയറുടെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്.

Content Highlights:ipl 2026 heinrich klaasen out phil salt catch controversy video

To advertise here,contact us